ആലുവയിലെ രാജഗിരി ആശുപത്രിയിൽ ഓർമ്മക്കുറവിനും ഡിമെൻഷ്യയ്ക്കും അത്യാധുനിക ചികിത്സ ഉറപ്പാക്കുന്നതിനായി പുതിയ അഡ്വാൻസ്ഡ് മെമ്മറി ക്ലിനിക് പ്രവർത്തനമാരംഭിച്ചു. പ്രമുഖ ചലച്ചിത്ര സംവിധായകൻ ബ്ലെസി ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച സംവിധായകൻ ബ്ലെസി, മനുഷ്യന്റെ ഓർമ്മക്ഷയത്തെയും ഡിമെൻഷ്യയെയും ആഴത്തിൽ അടയാളപ്പെടുത്തിയ തന്റെ പ്രശസ്തമായ തന്മാത്ര സിനിമയുടെ ചിത്രീകരണ അനുഭവങ്ങൾ പങ്കുവെച്ചു. “തനിക്ക് ഐഎഎസ് കിട്ടി എന്ന് മകൻ പറയുമ്പോൾ, ‘ആരാ?’ എന്ന് മോഹൻലാലിന്റെ കഥാപാത്രം ചോദിക്കുന്ന സീൻ എഴുതി തീർത്തത് കരഞ്ഞുകൊണ്ടായിരുന്നു” എന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ, തന്മാത്രയിലെ നായകനായ രമേശന്റെ അവസ്ഥ സമൂഹത്തിന് ഇന്നും ഒരു വലിയ നൊമ്പരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രിയപ്പെട്ടവരെപ്പോലും തിരിച്ചറിയാനാകാതെ പൂർണമായും കിടപ്പിലാകുന്ന അവസ്ഥയിലേക്ക് രോഗികൾ എത്തിച്ചേരുന്നത് തടയുകയാണ് ഈ പുതിയ ക്ലിനിക്കിന്റെ പ്രധാന ലക്ഷ്യമെന്ന് രാജഗിരി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.
ജോൺസൺ വാഴപ്പിള്ളി വ്യക്തമാക്കി. സിഎസ്എഫ് ബയോമാർക്കർ പരിശോധനകൾക്ക് പുറമേ, അൽഷിമേഴ്സ് രോഗബാധ കൃത്യമായി സ്ഥിരീകരിക്കുന്നതിനുള്ള അഡ്വാൻസ്ഡ് പെറ്റ് സ്കാനിങ്, ഡിമെൻഷ്യ രോഗികൾക്കായി നൂതനമായ ‘മോണോക്ലോണൽ ആന്റിബോഡി’ ചികിത്സ എന്നിവയും ഈ മെമ്മറി ക്ലിനിക്കിൽ ലഭ്യമാകുന്നതാണ്.
ഡിമെൻഷ്യയുടെ ലക്ഷണങ്ങൾ പ്രകടമാക്കുമെങ്കിലും കൃത്യമായ ചികിത്സയിലൂടെ ഭേദമാക്കാൻ സാധിക്കുന്ന മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഏതൊക്കെയെന്ന് കണ്ടെത്താൻ ഈ ക്ലിനിക് ഏറെ സഹായകരമാകുമെന്ന് ന്യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. പ്രദീപ് കൊറ്റം അഭിപ്രായപ്പെട്ടു.
ന്യൂറോളജി വിഭാഗത്തിന് പുറമെ റേഡിയോളജി, ന്യൂക്ലിയർ മെഡിസിൻ, റിഹാബിലിറ്റേഷൻ എന്നീ വിവിധ വിഭാഗങ്ങളുടെ സംയോജിത സഹകരണത്തോടെയാണ് ക്ലിനിക്കിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ രാജഗിരി ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ.
ജിജി കുരുട്ടുകുളം, മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി ഓരത്തേൽ തുടങ്ങിയ പ്രമുഖർ സന്നിഹിതരായി സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

