തിരുവനന്തപുരം: സംസ്ഥാനത്ത് അധികമായി വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങള്‍ ഫലപ്രദമാകാത്ത പശ്ചാത്തലത്തില്‍ ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് ഔദ്യോഗിക അറിയിപ്പ്. ഇന്ന് വൈകീട്ട് 6.15 നും രാത്രി 12.45 നും ഇടയിലായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക.
ഗ്രിഡ് ഫ്രീക്വന്‍സി കുറയുന്ന സാഹചര്യമുള്ളതിനാലും വൈദ്യുതി തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. നിലവിലുള്ള വര്‍ധിച്ച ഉപയോഗം കണക്കിലെടുത്ത് വരും മാസങ്ങളിലും വേനല്‍ക്കാലത്തേക്കും ആവശ്യമായ വൈദ്യുതി കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
രാജ്യത്താകമാനം വൈദ്യുതിയുടെ ആവശ്യകത ഉയര്‍ന്നിരിക്കുകയാണ്. കാറ്റാടി നിലയങ്ങളിലെ ഉത്പാദനം കുറഞ്ഞതാണ് ലഭ്യത കുറയാന്‍ പ്രധാന കാരണം.
തത്സമയ വിപണിയില്‍ നിന്ന് കൂടുതല്‍ വൈദ്യുതി ലഭ്യമാകുമെന്ന കാര്യത്തിലും ഉറപ്പില്ല. നിലവില്‍ കേന്ദ്രം അനുവദിച്ച 150 മെഗാവാട്ട് വൈദ്യുതിയും, മധ്യപ്രദേശില്‍ നിന്ന് കടമായി ലഭിച്ച 200 മെഗാവാട്ട് വൈദ്യുതിയും മാത്രമാണ് ആശ്വാസമായിട്ടുള്ളത്.
ഒഡിഷയില്‍ നിന്ന് ഉള്‍പ്പെടെ പ്രതീക്ഷിച്ചിരുന്ന വൈദ്യുതി സമയത്ത് തരപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ആകെ മൊത്തം 900 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവുള്ള അവസ്ഥയാണ് നിലവിലുള്ളത്.
ഈ സാഹചര്യത്തിലാണ് ഇന്നലത്തെ പോലെ ഇന്നും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുന്നത്. ഗ്രിഡ് ഫ്രീക്വന്‍സി താഴ്ന്നതിനാല്‍ വൈകീട്ട് ആറ് മണി മുതല്‍ ഷെഡ്യൂള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കരുതെന്ന് റീജിയണല്‍ ലോഡ് ഡെസ്പാച്ച് സെന്ററിന്റെ കര്‍ശന മുന്നറിയിപ്പുണ്ട്.
കഴിഞ്ഞദിവസം വേനല്ക്കാലത്തേതിന് സമാനമായി 5496 മെഗാവാട്ട് ആയിരുന്നു പീക്ക് ഡിമാന്റ്. പ്രതിസന്ധി മറികടക്കാന്‍ 24.76 ദശലക്ഷം യൂണിറ്റ് ജലവൈദ്യുതി കൂടുതലായി ഉത്പാദിപ്പിച്ചെങ്കിലും അതൊന്നും പര്യാപ്തമല്ല.
പ്രതീക്ഷിച്ചതിന്റെ പകുതി പോലും നീരൊഴുക്ക് ഇല്ലാത്തതിനാല്‍ അണക്കെട്ടുകളിലെ ജലനിരപ്പ് സംഭരണ ശേഷിയുടെ 62 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. വെള്ളത്തിന്റെ കരുതല്‍ ശേഖരം കുറയുന്നതും പ്രതീക്ഷിച്ചതിലും അധികമായി ജൂണ്‍ മുതല്‍ ആവശ്യകത ഉയര്‍ന്നതും കണക്കിലെടുത്ത് കെ.എസ്.ഇ.ബി വരും മാസങ്ങളിലേക്കുള്ള വൈദ്യുതി കണക്കുകള്‍ പുനഃക്രമീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസങ്ങളിലെ ഉപയോഗത്തിലെ വര്‍ധനവിന്റെ ശരാശരി കണക്കാക്കിയാണ് പുതിയ അളവ് നിശ്ചയിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അധിക വൈദ്യുതി വാങ്ങാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുള്ളത്.
എങ്കിലും വരുന്ന ഏപ്രിലില്‍ പീക്ക് ഡിമാന്റ് ഇനിയും ഉയര്‍ന്നാല്‍ ഈ കണക്കുകൂട്ടലുകള്‍ എത്രമാത്രം ഫലം കാണുമെന്ന ആശങ്കയും കെ.എസ്.ഇ.ബി പങ്കുവെക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

