സ്മാർട്ട്ഫോൺ ഉപയോഗത്തിൽ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാൻ സഹായിക്കുന്ന നിർണായകമായ ചില സംവിധാനങ്ങളെക്കുറിച്ചാണ് ഇവിടെ വിശദമാക്കുന്നത്. ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോഴും പെർമിഷൻ പോപ്പ്-അപ്പുകൾ വരുമ്പോഴും മാത്രം ശ്രദ്ധിക്കുന്നതിന് പകരം, പശ്ചാത്തലത്തിൽ നടക്കുന്ന കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്.
അപരിചിതമായ വൈഫൈ നെറ്റ്വർക്കുകൾ, അനാവശ്യമായ പെർമിഷനുകൾ ചോദിക്കുന്ന ആപ്പുകൾ, സ്ക്രീനിന്റെ മുകളിൽ കാണുന്ന ചെറിയ പച്ച സിഗ്നൽ എന്നിവയൊക്കെ പരിശോധിക്കേണ്ടതുണ്ട്. ഫോണിലെ വിവിധ ടൂളുകൾ ഉപയോഗിച്ച് ഇത്തരം കാര്യങ്ങൾ പരിശോധിക്കാൻ ആൻഡ്രോയിഡ് സംവിധാനം ഒരുക്കുന്നുണ്ട്.
ആപ്പുകൾ ക്യാമറ, മൈക്രോഫോൺ, ലൊക്കേഷൻ തുടങ്ങിയവ സമീപകാലത്ത് എങ്ങനെയൊക്കെ ഉപയോഗിച്ചിട്ടുണ്ട് എന്ന് പെട്ടെന്ന് പരിശോധിക്കാൻ Privacy dashboard സഹായിക്കുന്നു. Settings > Privacy അല്ലെങ്കിൽ Settings > Security & privacy > Privacy dashboard വഴി ഇത് കണ്ടെത്താം.
ഒരു ആപ്പ് നിരന്തരം ലൊക്കേഷൻ ആക്സസ് ചെയ്യുന്നുണ്ടെങ്കിൽ പെർമിഷൻ പരിശോധിച്ചു മാറ്റങ്ങൾ വരുത്താവുന്നതാണ്. ആപ്പുകൾ അനുമതി ചോദിക്കുമ്പോൾ കണ്ണടച്ച് Allow നൽകുന്നതിന് പകരം അവയ്ക്ക് ആ സേവനം യഥാർത്ഥത്തിൽ ആവശ്യമുണ്ടോ എന്ന് ചിന്തിക്കണം.
മൊബൈൽ നഷ്ടപ്പെട്ടാൽ ഡാറ്റ നഷ്ടപ്പെടാതിരിക്കാൻ Theft protection സെറ്റിങ്സ് ഉപയോഗപ്പെടുത്താം. Settings > Google > All services > Theft protection എന്ന വിഭാഗത്തിൽ ഇത് ലഭ്യമാണ്.
ആരെങ്കിലും ഫോൺ തട്ടിയെടുത്ത് ഓടുകയോ വാഹനത്തിൽ രക്ഷപ്പെടുകയോ ചെയ്താൽ സ്ക്രീൻ ലോക്ക് ചെയ്യുന്ന Theft Detection Lock ഇതിലുണ്ട്. പെട്ടെന്ന് ഓഫ്ലൈൻ ആയാൽ ലോക്കാകുന്ന Offline Device Lock ഉം മറ്റൊരു ഉപകരണത്തിലൂടെ ലോക്ക് ചെയ്യാൻ സഹായിക്കുന്ന Remote Lock ഉം (android.com/lock) ഇതിന്റെ ഭാഗമായുണ്ട്.
മറ്റുള്ളവരുടെ കണ്ണിൽ പെടരുതെന്ന് ആഗ്രഹിക്കുന്ന ആപ്പുകൾക്കായി Private Space ഉപയോഗിക്കാം. ഇതിലൂടെ പ്രധാന ഫോണിൽ നിന്നും മാറ്റി വെറിടത്ത് ആപ്പുകൾ ലോക്ക് ചെയ്തു സൂക്ഷിക്കാൻ സാധിക്കും.
Settings > Security & privacy > Private space വഴി ഇതിനായി ആപ്പുകൾ സെറ്റ് ചെയ്യാം. ഇത് ലോക്ക് ചെയ്തു കഴിഞ്ഞാൽ ലൂഞ്ചറിലോ നോട്ടിഫിക്കേഷനിലോ ഈ ആപ്പുകൾ കാണാൻ കഴിയില്ല.
കീകളിലോ ബാഗുകളിലോ ഉപയോഗിക്കുന്ന ബ്ലൂടൂത്ത് ട്രാക്കറുകൾ വ്യക്തികളുടെ അറിവില്ലാതെ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. ഇത് കണ്ടെത്താൻ Settings > Safety & emergency > Unknown tracker alerts വഴി മാനുവൽ സ്കാൻ നടത്താവുന്നതാണ്.
കൂടാതെ, ആപ്പുകൾ ക്യാമറയോ മൈക്രോഫോണോ ഉപയോഗിക്കുമ്പോൾ സ്ക്രീനിന്റെ മുകളിൽ വലതുവശത്തായി ചെറിയ പച്ച ഇൻഡിക്കേറ്റർ തെളിയുന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിലൂടെ ഏത് ആപ്പാണ് ക്യാമറയോ മൈക്രോഫോണോ ഉപയോഗിക്കുന്നത് എന്ന് മനസിലാക്കാൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

