തിരുവനന്തപുരം: രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലെ പെൺകുട്ടികളുടെ കായിക മികവ് പ്രകടമാക്കുന്ന 55-ാമത് കെവിഎസ് ദേശീയ കായികമേള 2026–27 (ഗേൾസ് അത്ലറ്റിക്സ് – അണ്ടർ-14, അണ്ടർ-17, അണ്ടർ-19) ന് തിരിതെളിഞ്ഞു. കാര്യവട്ടം എൽഎൻസിപിഇ അങ്കണത്തിൽ നടന്ന പ്രൗഢഗംഭീരമായ ഉദ്ഘാടനച്ചടങ്ങ് കാര്യവട്ടം പ്രിൻസിപ്പലും ഡയറക്ടറുമായ ഡോ.
സദാനന്ദൻ സി. എസ് നിർവഹിച്ചു.
യുവതാരങ്ങൾ തങ്ങളുടെ ഇനങ്ങളിൽ മികവിനായി പരിശ്രമിക്കുകയും വെല്ലുവിളികളെ അതിജീവിക്കാനുള്ള മനക്കരുത്ത് പ്രകടിപ്പിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കായികരംഗം വളർത്തിയെടുക്കുന്ന അച്ചടക്കം, ആത്മവിശ്വാസം, സഹിഷ്ണുത തുടങ്ങിയ ജീവിതമൂല്യങ്ങൾ ഭാവിയിലും ഏറെ പ്രയോജനപ്പെടുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
കെ.വി.എസ്. എറണാകുളം റീജിയൺ ഡപ്യൂട്ടി കമ്മിഷണർ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
പിഎം ശ്രീ കേന്ദ്രീയ വിദ്യാലയ പട്ടം പ്രിൻസിപ്പൽ ആർ.ഗിരി ശങ്കരൻ തമ്പി, അധ്യാപകനായ ഡോ. ജെ.കൃഷ്ണകുമാർ, പ്രാദേശിക ക്ലസ്റ്റർ അഡ്മിനിസ്ട്രേറ്റർമാരായ ജോസ് മാത്യു, മായ.എം തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ദേശീയ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ രാജ്യത്തുടനീളമുള്ള 25 കേന്ദ്രീയ വിദ്യാലയ സംഘടനാ റീജിയണുകളിൽ നിന്നായി 407 വിദ്യാർഥികൾ പങ്കെടുക്കും. യുവതാരങ്ങളുടെ കായികപ്രതിഭയ്ക്കും ആവേശത്തിനും വേദിയൊരുക്കി 55-ാമത് കെ.വി.എസ്.
ദേശീയ കായികമേള 2026–27 – ഗേൾസ് അത്ലറ്റിക്സിന് ഇതോടെ ആവേശകരമായ തുടക്കമായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

