ടാറ്റാ സൺസ് എക്സിക്യൂട്ടീവ് ചെയർമാനായി എൻ. ചന്ദ്രശേഖരന്റെ കാലാവധി നീട്ടിനൽകിയ ബോർഡ് യോഗ തീരുമാനത്തിനെതിരെ എതിർപ്പുമായി നോയൽ ടാറ്റ രംഗത്ത്.
ചന്ദ്രശേഖരനെ വീണ്ടും ചെയർമാനായി നിയമിക്കാൻ 4-1 എന്ന ഭൂരിപക്ഷത്തിലാണ് ടാറ്റാ സൺസ് ബോർഡ് വോട്ട് ചെയ്തത്. എന്നാൽ ഈ വോട്ടെടുപ്പ് പൂർണ്ണമായും നിയമവിരുദ്ധമാണെന്നാണ് ടാറ്റാ ട്രസ്റ്റ് അധ്യക്ഷനായ നോയൽ ടാറ്റയുടെ ആരോപണം.
ഈ സംഭവവികാസങ്ങളോടെ ടാറ്റാ ഗ്രൂപ്പിന്റെ നേതൃത്വത്തെ ചൊല്ലിയുള്ള തർക്കം കൂടുതൽ ശക്തമായിരിക്കുകയാണ്. ബോർഡ് യോഗത്തിൽ ചന്ദ്രശേഖരന്റെ നിയമനത്തെ താൻ ശക്തമായി എതിർത്തിരുന്നുവെന്നും തന്റെ വിയോജിപ്പ് ഔദ്യോഗികമായി രേഖപ്പെടുത്തിയെന്നും നോയൽ ടാറ്റ വ്യക്തമാക്കി.
ഒരു പ്രത്യേക നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ ‘വീറ്റോ’ അധികാരം തെറ്റായ രീതിയിൽ മറികടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ടാറ്റാ സൺസിന്റെ നിയമാവലി പ്രകാരം ടാറ്റാ ട്രസ്റ്റ് നാമനിർദ്ദേശം ചെയ്യുന്ന ഡയറക്ടർമാരുടെ ഭൂരിപക്ഷ അംഗീകാരം ഇത്തരത്തിലുള്ള നിർണ്ണായക തീരുമാനങ്ങൾക്ക് ആവശ്യമാണ്.
എന്നാൽ വോട്ടെടുപ്പിൽ സമനിലയോ തടസ്സമോ ഉണ്ടായാൽ ചെയർമാന് നിർണ്ണായക വോട്ട് രേഖപ്പെടുത്താം എന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാനേജ്മെന്റ് ഈ തീരുമാനവുമായി മുന്നോട്ടുപോയത്. വരുന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ എൻ.
ചന്ദ്രശേഖരനെ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ ടാറ്റാ ട്രസ്റ്റ് നീക്കം നടത്തുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഡയറക്ടർ പദവി നഷ്ടമായാൽ അദ്ദേഹത്തിന് ചെയർമാനായി തുടരാൻ സാധിക്കില്ല.
2027 ഫെബ്രുവരിയിൽ കാലാവധി അവസാനിക്കുന്നതോടെ താൻ സ്ഥാനമൊഴിയുമെന്ന് ഓഗസ്റ്റിൽ ചന്ദ്രശേഖരൻ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ ചെയർമാനെ കണ്ടെത്താൻ സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റ് സെലക്ഷൻ കമ്മിറ്റിയുടെ നടപടികൾ ആരംഭിച്ചിരിക്കെയാണ് ബോർഡ് യോഗത്തിൽ പുതിയ തർക്കങ്ങൾ ഉടലെടുത്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

