രാജ്യത്ത് പ്രതിഷേധങ്ങൾ ശക്തമായ പശ്ചാത്തലത്തിൽ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ സെഡ് പ്ലസ് സുരക്ഷാ പരിരക്ഷ കേന്ദ്ര സർക്കാർ വീണ്ടും ശക്തമാക്കി. അദ്ദേഹത്തിന്റെ വസതിക്കു പുറത്തും തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിലും വ്യക്തിഗത സുരക്ഷയ്ക്കായി കൂടുതൽ സൈനികരെ വിന്യസിച്ചതായാണ് റിപ്പോർട്ട്.
ഡൽഹിയിലെയും ആഗ്രയിലെയും ഗ്യാനേഷ് കുമാറിന്റെ വീടുകൾക്കു നേരെ പ്രതിഷേധക്കാർ രംഗത്തിറങ്ങിയതിനെത്തുടർന്നാണ് സുരക്ഷ അടിയന്തരമായി വർധിപ്പിച്ചത്. ‘‘പ്രതിഷേധക്കാർ അദ്ദേഹത്തിന്റെ വീട് കണ്ടെത്തി ആഗ്രയിലുള്ള കുടുംബവീടിനു പുറത്ത് പ്രതിഷേധം നടത്തി.
ഭീഷണികൾ വിലയിരുത്തിയ ശേഷമാണ് സുരക്ഷ കൂട്ടാൻ തീരുമാനിച്ചത്’’ – ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ഹിന്ദുസ്ഥാൻ ൈടംസ് റിപ്പോർട്ട് ചെയ്യുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ താമസിക്കുന്ന ന്യൂ മോതി ബാഗ് റസിഡൻഷ്യൽ കോളനിയിലെ സുരക്ഷാ ഉദ്യോഗസ്ഥരിൽ ഒരാൾ പറയുന്നതനുസരിച്ച്, പ്രതിഷേധക്കാർ കോളനിക്കുള്ളിൽ കടന്ന് അദ്ദേഹത്തിന്റെ വീടിനടുത്തേക്ക് എത്തിയതോടെയാണ് അർധസൈനിക വിഭാഗത്തിന്റെ സുരക്ഷ ശക്തമാക്കിയത്.
നിലവിൽ കോളനിയിൽ 24 മണിക്കൂറും പൊലീസ് വാനുകളും കമാൻഡോകളും പട്രോളിങ് നടത്തുന്നുണ്ട്. സന്ദർശകരുടെ ഐഡന്റിറ്റി കാർഡുകൾ പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്.
ഇന്ത്യയിലെ സിവിലിയന്മാർക്ക് നൽകുന്ന ഏറ്റവും ഉയർന്ന സുരക്ഷാ വിഭാഗമായ സെഡ് പ്ലസ് പരിരക്ഷയാണ് ഗ്യാനേഷ് കുമാറിനുള്ളത്. ഇതിനുകീഴിൽ സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ്, ഡൽഹി പൊലീസ് എന്നിവരടങ്ങുന്ന 55 ലധികം സുരക്ഷാ ഉദ്യോഗസ്ഥരാണ് അദ്ദേഹത്തിന് കാവലൊരുക്കുന്നത്.
കൂടാതെ 24 മണിക്കൂറും വ്യക്തിഗത സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനവും ഉണ്ടാകും. ഡൽഹി അശോക റോഡിലുള്ള തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനമായ നിർവാചൻ സദൻ കോംപ്ലക്സിനുള്ളിലും സിഐഎസ്എഫ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഓഫിസിനു പുറത്ത് റാപ്പിഡ് ആക്ഷൻ ഫോഴ്സ്, സിആർപിഎഫ്, ഡൽഹി പൊലീസ് എന്നിവരെയും വിന്യസിച്ചിട്ടുണ്ട്. ഓഫിസിനു മുന്നിൽ ദിവസേന നടക്കുന്ന പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് നിർവാചൻ സദന്റെ സുരക്ഷയും ശക്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

