ഈ സാമ്പത്തിക വർഷം റെയിൽവേ പുറത്തിറക്കുന്ന പുതിയ മെമു ട്രെയിനുകളുടെ പട്ടികയിൽ കേരളത്തിന് ഇടമില്ല. 12 കോച്ചുകൾ വീതമുള്ള 30 പുതിയ മെമു ട്രെയിനുകൾ ഉത്തരേന്ത്യൻ സോണുകൾക്കാണ് നൽകുന്നത്.
ദക്ഷിണ റെയിൽവേക്കും പുതിയ മെമു അനുവദിച്ചിട്ടില്ല. കേരളത്തിലോടുന്ന പരമ്പരാഗത ഐസിഎഫ് നിർമിത പാസഞ്ചർ ട്രെയിനുകൾ മാറ്റി മെമു ട്രെയിനുകളാക്കാൻ കൊല്ലം, പാലക്കാട് മെമു ഷെഡുകളിലായി 10 പുതിയ മെമു റേക്കുകൾ വീതം ആവശ്യമുണ്ട്.
ഈ സാഹചര്യത്തിലാണ് ഒരു റേക്കു പോലും അനുവദിക്കാത്ത നടപടി. തിരുവനന്തപുരം ഡിവിഷനിൽ സർവീസ് നടത്തുന്ന 8 മെമു ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം 16 ആക്കാൻ 50 കോച്ചുകളാണ് അധികമായി വേണ്ടത്.
42 കോടി രൂപ മുടക്കിയാണ് 16 കോച്ചുകളുള്ള മെമു റേക്കുകളുടെ അറ്റകുറ്റപ്പണിക്ക് കൊല്ലം ഷെഡിൽ സൗകര്യമൊരുക്കിയത്. എന്നാൽ റേക്കുകൾ ലഭിക്കാത്തതിനാൽ ഷെഡ് പൂർണ തോതിൽ പ്രവർത്തിക്കുന്നില്ല.
ആഴ്ചയിൽ എല്ലാ ദിവസവും മെമു സർവീസ് നടത്താനും കഴിയുന്നില്ല. മെമു റേക്കുകളുടെ ഉൽപാദനം ഗണ്യമായി കുറയ്ക്കുകയും നിർമിക്കുന്നവ മുഴുവൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്കു വീതിച്ചു നൽകുകയുമാണെന്നാണ് ആക്ഷേപം.
ദക്ഷിണ റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ മെമു റേക്കിനായി സമ്മർദം ചെലുത്തുന്നില്ലെന്നും പരാതിയുണ്ട്. 2027–28 കാലയളവിൽ ഉൽപാദനം കൂട്ടുമെന്നു പറയുന്നുണ്ടെങ്കിലും നിലവിൽ കൂടുതൽ മെമു കോച്ചുകൾ നിർമിക്കാൻ റെയിൽവേ തയാറാകുന്നില്ല.
കേരളം ഉൾപ്പെടുന്ന ദക്ഷിണ റെയിൽവേക്കു പുതിയ മെമു റേക്കുകൾ അനുവദിക്കാത്തത് കടുത്ത അവഗണനയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. കേരളത്തെ തഴഞ്ഞ നടപടി അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്കു കത്ത് നൽകിയതായും എംപി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

