ദേശീയതലത്തിൽ ഏറെ പ്രാധാന്യമുള്ള യുജിസി നെറ്റ് (UGC-NET) പരീക്ഷയിലുണ്ടായ ഗുരുതരമായ വീഴ്ചകളെ തുടർന്ന് മൂന്ന് പ്രധാന വിഷയങ്ങളിൽ പുനഃപരീക്ഷ നടത്താൻ ദേശീയ പരീക്ഷാ ഏജൻസി (എന്‍ടിഎ) തീരുമാനിച്ചു. ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലാണ് വീണ്ടും പരീക്ഷ സംഘടിപ്പിക്കുന്നത്.
നിശ്ചയിക്കപ്പെട്ട തീയതികൾ പ്രകാരം സെപ്റ്റംബർ 9, 10 തീയതികളിലായാണ് പരീക്ഷകൾ നടക്കുക.
പുതിയ ഷെഡ്യൂൾ പ്രകാരം സെപ്റ്റംബർ 9-ന് രാവിലെ 9 മുതൽ 12 വരെയുള്ള ഒന്നാം ഷിഫ്റ്റിൽ ഇംഗ്ലീഷ് പരീക്ഷയും, ഉച്ചയ്ക്ക് ശേഷം 3 മുതൽ 6 വരെ കൊമേഴ്സ് പരീക്ഷയും നടക്കും. തുടർന്ന് സെപ്റ്റംബർ 10-ന് രാവിലെ 9 മുതൽ 12 വരെ സോഷ്യോളജി പരീക്ഷയും ഉണ്ടായിരിക്കുന്നതാണ്.
പരീക്ഷയെക്കുറിച്ച് ഉദ്യോഗാർത്ഥികളിൽ നിന്ന് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് എന്‍ടിഎയുടെ അടിയന്തര നടപടി. പരീക്ഷയുടെ ഉത്തരസൂചിക പുറത്തുവന്നതിന് പിന്നാലെ ചോദ്യപേപ്പറുകളിലെ ഗുരുതരമായ അപാകതകൾ ചൂണ്ടിക്കാട്ടി വിദ്യാർഥികൾ വലിയ തോതിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
തുടർന്ന് ഈ പരാതികൾ സമഗ്രമായി അന്വേഷിക്കാൻ അധികൃതർ പ്രത്യേക ആഭ്യന്തരസമിതിയെ നിയോഗിക്കുകയുണ്ടായി. സമിതി നടത്തിയ വിശദമായ പരിശോധനയിൽ വിദ്യാർഥികളുടെ പരാതികൾ പൂർണ്ണമായും ശരിയാണെന്ന് കണ്ടെത്തുകയും തുടർന്ന് പുനഃപരീക്ഷയ്ക്ക് ശുപാർശ ചെയ്യുകയുമായിരുന്നു.
ചോദ്യപേപ്പറുകളിൽ വസ്തുതാപരമായ തെറ്റുകൾ, ടൈപ്പിംഗ് പിഴവുകൾ, പരിഭാഷയിലുണ്ടായ പോരായ്മകൾ എന്നിവ വ്യാപകമായി ഉണ്ടായിരുന്നു. കൂടാതെ ചോദ്യങ്ങളുടെ വാചക ഘടനയിലും വ്യാകരണത്തിലും പ്രകടമായ തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെന്ന് കണ്ടെത്തി.
ഇതിനുപുറമെ, മുൻവർഷങ്ങളിലെ നിരവധി ചോദ്യങ്ങൾ യാതൊരു മാറ്റവുമില്ലാതെ അതേപടി ആവർത്തിച്ചതായും പരിശോധനയിൽ വ്യക്തമായി. ദേശീയതലത്തിൽ ഇത്രയധികം ഉദ്യോഗാർത്ഥികൾ പങ്കെടുക്കുന്ന പ്രധാനപ്പെട്ട
ഒരു പരീക്ഷയിൽ എൻടിഎയുടെ ഭാഗത്തുനിന്നും വീണ്ടും ഗുരുതരമായ വീഴ്ചയുണ്ടായത് വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

