മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുവജന-വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന കർശന നിലപാടിലാണ് വിവിധ സംഘടനകൾ.
ഇതിന്റെ ഭാഗമായി ഇന്ന് വൈകിട്ട് ഡൽഹി ജന്തർ മന്തിറിലേക്ക് എൻഎസ്യുഐ (NSUI) നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും പ്രകടനവും സംഘടിപ്പിക്കും. തുടർച്ചയായ നാലാം ദിവസമാണ് വിദ്യാർത്ഥി സംഘടനകൾ ജന്തർ മന്തർ കേന്ദ്രീകരിച്ച് പ്രതിഷേധവുമായി രംഗത്തെത്തുന്നത്.
ഇന്നലെ സമരം നടത്തിയ പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ചാണ് സ്ഥലത്തുനിന്ന് നീക്കം ചെയ്തത്. രാജ്യത്തുടനീളമുള്ള സംസ്ഥാനങ്ങളിൽ ശക്തമായ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി എഐസിസി വിളിച്ചുചേർത്ത പ്രത്യേക യോഗം വൈകിട്ട് ദില്ലിയിൽ നടക്കും.
അതേസമയം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുള്ള ഹർജികൾ ഇന്ന് കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റു രണ്ട് കമ്മീഷണർമാരുടെ അഭിപ്രായങ്ങൾ പരിഗണിക്കാതെ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനമെടുത്തുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. ഗ്യാനേഷ് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും, എസ്ഐആർ തീരുമാനങ്ങൾ റദ്ദാക്കണമെന്നും, വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്ത സംഭവത്തിൽ എസ്ഐടി അന്വേഷണം നടത്തണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു.
ശൈൽദേന്ദ്ര മണി ത്രിപാഠി, രാകേഷ് കുമാർ സിംഗ് എന്നിവരാണ് ഈ ഹർജികൾ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

