വാഗമൺ കൈതപ്പതാൽ പ്രദേശത്ത് നടക്കുന്ന ഓഫ് റോഡ് ട്രെക്കിങ് പ്രവർത്തനങ്ങൾ നിരോധിക്കണമെന്ന ആവശ്യവുമായി ജനകീയ സമരസമിതി രംഗത്തെത്തി. വീതി കുറഞ്ഞ റോഡുകളിലൂടെ അമിത വേഗതയിൽ പായുന്ന ജീപ്പുകൾ തങ്ങളുടെ സ്വൈര്യജീവിതത്തിന് ഭീഷണിയാകുന്നുവെന്നാണ് പ്രദേശവാസികളുടെ പ്രധാന പരാതി.
ജീപ്പുകളുടെ അമിത ഉപയോഗം മൂലം റോഡിന്റെ അവസ്ഥ അതീവ പരിതാപകരമായി മാറിയിരിക്കുകയാണ്. അതിനാൽ, അടിയന്തരമായി റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
ജീപ്പുകളിൽ ഉച്ചത്തിൽ പാട്ടുകൾ വെക്കുന്നതുമൂലമുണ്ടാകുന്ന ശബ്ദമലിനീകരണം സമീപത്തുള്ള ഉന്നതിയിലെ 200 കുടുംബങ്ങളെയാണ് സാരമായി ബാധിച്ചിരിക്കുന്നത്. രാപകൽ ഭേദമന്യേ ജീപ്പുകൾ റോഡ് കൈയടക്കുന്നത് സാധാരണക്കാരുടെ യാത്രാ സൗകര്യത്തെയും തടസ്സപ്പെടുത്തുന്നു.
ഓഫ് റോഡ് സർവീസുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം നിശ്ചയിച്ചിട്ടുള്ള കർശനമായ മാനദണ്ഡങ്ങൾ ഇവിടെ കാറ്റിൽ പറത്തുകയാണെന്നും സമരസമിതി ആരോപിക്കുന്നു. നിയമലംഘനങ്ങൾക്കെതിരെ അധികൃതർ മൗനം പാലിക്കുകയാണെന്നും, മോട്ടോർ വാഹന വകുപ്പ് കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്താൻ തയ്യാറാകുന്നില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
അധികൃതർ അടിയന്തരമായി ഇടപെട്ട് തങ്ങളുടെ പരാതികളിൽ പരിഹാരം കാണാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ജനകീയ സമരസമിതിയുടെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

