കേരളത്തെ രാജ്യത്തെ മുൻനിര നിക്ഷേപ-സംരംഭകത്വ ഹബ്ബായി മാറ്റുക എന്ന ലക്ഷ്യത്തോടെ ബിസിനസ് നെറ്റ്വർക്ക് ഇന്റർനാഷനൽ (ബിഎൻഐ) സംഘടിപ്പിക്കുന്ന ആഗോള ബിസിനസ് എക്സ്പോയായ കോൺഫ്ലുവൻസ് 2026 പാലായിൽ അരങ്ങേറുന്നു. 18, 19 തീയതികളിൽ പാലാ ബേസ് ഇലവൻ കൺവൻഷൻ സെന്ററിൽ വെച്ചാണ് പരിപാടി നടക്കുന്നത്.
18-ാം തീയതി രാവിലെ 9 മണിക്ക് കലക്ടർ ചേതൻ കുമാർ മീണ എക്സ്പോയുടെ ഉദ്ഘാടനം നിർവഹിക്കും. ആദ്യ ദിവസത്തെ പരിപാടികളിൽ വൺ-ടു-വൺ ബിസിനസ് മീറ്റിങ്ങുകൾ, പവർ ടീം കോൺക്ലേവ്, ബിസിനസ് എക്സ്പോ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
രാത്രി 8.30-ന് ഗായിക സെബ ടോമി നയിക്കുന്ന സംഗീത നിശയും അരങ്ങേറും. 19-ാം തീയതി ഉച്ചയ്ക്ക് 12.30-ന് ബിഎൻഐ കോട്ടയം-പത്തനംതിട്ട
റീജന്റെ സിഎസ്ആർ, ജീവകാരുണ്യ സംരംഭമായ ‘ഗിവേഴ്സ് കെയർ ഫൗണ്ടേഷന്റെ ഉദ്ഘാടനം ബിഎൻഐ ചീഫ് ഡിജിറ്റൽ ഓഫിസർ മീന ശ്രീനിവാസൻ നിർവഹിക്കും. തുടർന്ന്, മികവ് തെളിയിച്ച സംരംഭകർക്കുള്ള ‘റേഡിയൻസ് 2026’ അവാർഡുകൾ വിതരണം ചെയ്യും.
വിദേശ രാജ്യങ്ങളിൽ നിന്നുള്ള വ്യവസായ വിദഗ്ധർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന എക്സ്പോയിൽ നൂതന വ്യവസായ മാതൃകകൾ ചർച്ച ചെയ്യപ്പെടും. ഇന്ത്യയിലെ 43 റീജനുകളിൽ നിന്നായി ആയിരത്തിലധികം സംരംഭകർ എത്തുമ്പോൾ യുഎഇ, ബഹ്റൈൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര പ്രതിനിധികളും സംഗമത്തിൽ ഭാഗമാകും.
പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങിയെത്തുന്നവരുടെ പ്രാഗത്ഭ്യം പ്രയോജനപ്പെടുത്തുക, മികച്ച സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകുക, പുതിയ സംരംഭകരെ കണ്ടെത്തുക, അവർക്കായി വിപുലമായ അവസരങ്ങൾ ഒരുക്കുക എന്നിവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് ബിഎൻഐ എക്സിക്യൂട്ടീവ് ഡയറക്ടർ ടോമി ജോസഫ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

