സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സാമ്പത്തിക ആരോപണങ്ങളിൽ വിശദമായ പരിശോധനയ്ക്കൊരുങ്ങി ബിജെപി. പാർട്ടി തലത്തിൽ നടന്നുവരുന്ന പതിവ് ഓഡിറ്റിംഗിന്റെ ഭാഗമായാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗവും ഉൾപ്പെടുത്തിയിരിക്കുന്നത്.
മണ്ഡലം തലം മുതൽ സംസ്ഥാന കമ്മിറ്റി വരെയുള്ള കണക്കുകൾ കർശനമായി പരിശോധിക്കുമെന്ന് ഓഡിറ്റിന് നേതൃത്വം നൽകുന്നവർ വ്യക്തമാക്കി. ഓരോ മണ്ഡലങ്ങളിലെയും ഭാരവാഹികളും തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥികളും ഓഡിറ്റിന് നേരിട്ട് ഹാജരാകേണ്ടതുണ്ട്.
തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് പ്രധാനമായും ആരോപണങ്ങൾ ഉയർന്നുവരുന്നത്. തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിലെ അപാകതകളെക്കുറിച്ച് ഓഡിറ്റ് സംഘം പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്.
പാർട്ടി കേന്ദ്ര കമ്മിറ്റി സൗജന്യമായി അനുവദിച്ച പതാകകൾ, മണ്ഡലം കമ്മിറ്റികൾക്ക് 2 ലക്ഷം രൂപ നിരക്കിൽ നേതാക്കൾ മറിച്ചുവിറ്റതായുള്ള പരാതികൾ പരിശോധനയുടെ പരിധിയിലുണ്ട്. ഏതെല്ലാം മണ്ഡലങ്ങളിലാണ് ഇത്തരം നടപടികൾ ഉണ്ടായതെന്ന് ഓഡിറ്റ് സംഘം കണ്ടെത്തും.
സംസ്ഥാന ഇലക്ഷൻ മാനേജ്മെന്റ് കമ്മിറ്റിയുടെ (ഇഎംസി) പ്രവർത്തനങ്ങൾ പരിശോധിക്കുന്ന വേളയിൽ സംസ്ഥാന ട്രഷറർ ഇ. കൃഷ്ണദാസ് കൂടി സന്നിഹിതനായിരിക്കും.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി സാമഗ്രികൾ വാങ്ങിയ വകയിൽ 1.62 കോടി രൂപയുടെ കരാർ നൽകിയതിലും ക്രമക്കേട് നടന്നതായി ആരോപണമുണ്ട്. ഈ രംഗത്ത് മുൻപരിചയമില്ലാത്തവർ കരാർ ഏറ്റെടുക്കുകയും പിന്നീട് അത് മറിച്ചുനൽകി കമ്മീഷൻ കൈപ്പറ്റുകയും ചെയ്തതായാണ് വിവരം.
ഇതിനിടെ, ഇഎംസിയിൽ പ്രവർത്തിച്ചിരുന്ന ഒരു വിദ്യാർഥി നേതാവ് ബാഗ് നിറയെ പണവുമായി സെൽഫി എടുത്ത ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇത് തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നുള്ളതാണെന്ന ആരോപണങ്ങൾ ഉയർന്നതോടെ നേതാവ് പോസ്റ്റ് പിൻവലിച്ചിരുന്നു.
ഇതേക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. കൂടാതെ, കോട്ടയത്തെ ഒരു യുവ നേതാവ് അടുത്തിടെ പുതിയ കാർ വാങ്ങിയതും, തിരുവനന്തപുരത്തെ ഒരു സ്ഥാനാർഥി ഭാര്യയുടെ ബന്ധുവിന്റെ പേരിൽ വാഹനം വാങ്ങിയതും തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട
ആരോപണങ്ങളുടെ നിഴലിലാണ്. ഇത്തരം ആരോപണങ്ങൾക്കുമേൽ വ്യക്തമായ മറുപടി കണ്ടെത്താൻ ഓഡിറ്റ് പരിശോധനയിലൂടെ കഴിയുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

