കോഴിക്കോട് പന്തീരാങ്കാവ് ദേശീയപാത ബൈപാസിലെ ഒളവണ്ണ ടോൾ പ്ലാസയിൽ ടോൾ നൽകാതെയും ജീവനക്കാരുടെ ജീവൻ അപകടത്തിലാക്കിയും യാത്ര ചെയ്ത വാഹനം പൊലീസ് പിടികൂടി. ഹരിയാന റജിസ്ട്രേഷനിലുള്ള ഈ ആഡംബര കാർ, ടോൾ പ്ലാസയിലെ സുരക്ഷാ ബാരിയറുകൾ തട്ടിത്തെറിപ്പിച്ച് നിരന്തരമായി നിയമലംഘനം നടത്തി വരികയായിരുന്നു.
ഏകദേശം 40 ലക്ഷം രൂപ വിലമതിക്കുന്ന വാഹനമാണ് കസ്റ്റഡിയിലെടുത്തത്. ടോൾ പിരിക്കാൻ ശ്രമിച്ച ജീവനക്കാരുടെ നേർക്ക് വാഹനം ഓടിച്ചു കയറ്റാൻ ശ്രമിച്ചതായും പരാതിയുണ്ട്.
ടോൾ പ്ലാസ അധികൃതർ സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ട്രാഫിക് പൊലീസ് നടത്തിയ പരിശോധനയിലാണ് വാഹനം കസ്റ്റഡിയിലെടുത്തത്. വാഹനത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.
നന്മണ്ട സബ് ആർടി ഓഫിസിലേക്ക് വാഹനത്തിന്റെ റജിസ്ട്രേഷൻ മാറ്റുന്നതിനായി എൻഒസി (NOC) നൽകിയിട്ടുണ്ടെങ്കിലും, എൻഒസി അപേക്ഷിച്ച വ്യക്തിക്ക് വാഹനവുമായി ബന്ധമില്ലെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും കാറിലുണ്ടായിരുന്നവരോട് ചോദ്യം ചെയ്യലിനായി ഹാജരാകാൻ നിർദേശിച്ച് നോട്ടിസ് നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

