കുവൈത്തിലെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയ മന്ത്രാലയ ഫണ്ട് ദുരുപയോഗം ചെയ്ത കേസുകളിൽ മുൻ ഉപപ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ മന്ത്രിയുമായിരുന്ന ശൈഖ് തലാൽ അൽ ഖാലിദിന് മൂന്ന് വർഷം കഠിനതടവ് ശിക്ഷ വിധിച്ച് സുപ്രീം കോടതി. രാജ്യത്തെ പരമോന്നത നീതിന്യായ പീഠമായ കോർട്ട് ഓഫ് കസ്സേഷൻ ആണ് പ്രതി സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ട് അന്തിമ വിധി പുറപ്പെടുവിച്ചത്.
തടവുശിക്ഷയ്ക്ക് പുറമെ 3,000 കുവൈത്ത് ദിനാർ പിഴയൊടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളുടെ ബജറ്റിൽ നിന്ന് വൻതുക വകമാറ്റി ചെലവഴിച്ചു എന്നാരോപിക്കപ്പെട്ട
രണ്ട് സാമ്പത്തിക കേസുകളിലാണ് ഈ സുപ്രധാന വിധി ഉണ്ടായിരിക്കുന്നത്. നേരത്തെ, പ്രത്യേക മന്ത്രിതല കോടതി ഇദ്ദേഹത്തെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു.
ഫണ്ട് തിരിമറി, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി രണ്ട് കേസുകളിലായി 14 വർഷത്തെ തടവിന് ശിക്ഷിക്കുകയും, 10 ദശലക്ഷം കുവൈത്ത് ദിനാർ തിരിച്ചടയ്ക്കുന്നതിനും 20 ദശലക്ഷം കുവൈത്ത് ദിനാർ പിഴയൊടുക്കുന്നതിനും അന്ന് ഉത്തരവിട്ടിരുന്നു. ഈ വിധിക്കെതിരെ ശൈഖ് തലാൽ അൽ ഖാലിദ് സമർപ്പിച്ച അപ്പീൽ ഹർജിയിൽ വിശദമായ വാദം കേട്ട
ശേഷമാണ് കോർട്ട് ഓഫ് കസ്സേഷൻ നിലവിലെ വിധി പ്രഖ്യാപിച്ചത്. രണ്ട് കേസുകളിലായി മൂന്ന് വർഷം വീതം തടവുശിക്ഷ വിധിച്ചുവെങ്കിലും, ശിക്ഷകൾ ഒരേസമയം അനുഭവിച്ചാൽ മതിയെന്ന കോടതിയുടെ നിർദ്ദേശം അനുസരിച്ച് ശിക്ഷാ കാലാവധി മൂന്ന് വർഷമായി ചുരുങ്ങും.
കുവൈത്തിലെ രാഷ്ട്രീയ കേന്ദ്രങ്ങളും പ്രവാസി സമൂഹവും ഏറെ നാളായി ഉറ്റുനോക്കിയിരുന്ന ദീർഘകാലത്തെ നിയമപോരാട്ടത്തിനാണ് ഈ വിധിയോടെ അന്തിമമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

