പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ള മരുന്നുകളും ആരോഗ്യരക്ഷാ ഉൽപ്പന്നങ്ങളും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്ന അമൃത് ഫാർമസി ശൃംഖലയുടെ വിപുലീകൃത പതിപ്പായ അമൃത് പ്ലസ് പ്രവർത്തനം തുടങ്ങി. എച്ച്എൽഎൽ ആരംഭിച്ച ഈ പുതിയ സംരംഭത്തിലൂടെ മരുന്നുകൾക്ക് പുറമെ മെഡിക്കൽ ഉപകരണങ്ങൾ, സപ്ലിമെന്റുകൾ, ലൈഫ് സ്റ്റൈൽ – വെൽനസ് ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം ലഭ്യമാകും.
എച്ച്എൽഎൽ ചെയർപേഴ്സണും മാനേജിങ് ഡയറക്ടറുമായ ഡോ. അനിത തമ്പി പുതിയ ഫാർമസി ശൃംഖലയുടെ ഉദ്ഘാടനം നിർവഹിച്ചു.
മുൻപ് നിലനിന്നിരുന്ന അമൃത് ഫാർമസികളുടെ വിശ്വാസ്യതയും കുറഞ്ഞ വിലയും നിലനിർത്തിക്കൊണ്ടുതന്നെ, മെഡിക്കൽ റീട്ടെയിൽ രംഗത്ത് കൂടുതൽ മികച്ച സേവനങ്ങളും അത്യാധുനിക സൗകര്യങ്ങളും ഉപഭോക്താക്കൾക്ക് ഉറപ്പാക്കാൻ ‘അമൃത് പ്ലസ്’ ലക്ഷ്യമിടുന്നു. ഇതോടൊപ്പം സ്പെഷ്യാലിറ്റി ഹിന്ദ്ലാബ്സ് ഡയഗ്നോസ്റ്റിക് സെന്ററുകളുടെയും എച്ച്എൽഎൽ ഹോം ഹെൽത്ത് കെയർ സർവീസസ് സേവനങ്ങളുടെയും ഉദ്ഘാടനവും ഡോ.
അനിത തമ്പി നിർവഹിച്ചു. ജീനോമിക്സ്, നെക്സ്റ്റ് ജനറേഷൻ സീക്വൻസിങ്, മോളിക്യുലാർ ഡയഗ്നോസ്റ്റിക്സ് തുടങ്ങിയ സങ്കീർണ്ണമായ പരിശോധനകൾ സ്പെഷ്യാലിറ്റി ഹിന്ദ്ലാബ്സിലൂടെ ലഭ്യമാകും.
വീടുകളിൽ ചികിത്സാ സൗകര്യം ഒരുക്കുന്ന പദ്ധതിയിലൂടെ ശസ്ത്രക്രിയ കഴിഞ്ഞവർക്കും വയോജനങ്ങൾക്കും വിദഗ്ദ്ധ നഴ്സുമാരുടെ സേവനം, ഫിസിയോതെറാപ്പി, പുനരധിവാസം എന്നിവ ലഭ്യമാകും. വിട്ടുമാറാത്ത രോഗമുള്ളവർക്കുള്ള ടെലി കൺസൾട്ടേഷൻ സംവിധാനവും ഇതിന്റെ ഭാഗമാണ്.
നവി മുംബൈ ഖാർഘറിലെ ഹിന്ദ്ലാബ്സ് റഫറൻസ് ലബോറട്ടറിക്ക് ആഗോളതലത്തിൽ അംഗീകാരമായ ‘ക്യാപ് അക്രെഡിറ്റേഷൻ’ ലഭിച്ചതായി അധികൃതർ അറിയിച്ചു. കൂടാതെ, ഒഡീഷ സർക്കാരുമായി സഹകരിച്ച് പാനികോയ്ലിയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ട്രോമ കെയർ സെന്റർ സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചു.
എച്ച്എൽഎൽ ഡയറക്ടർമാരായ അജിത് എൻ. (മാർക്കറ്റിങ്), പി. രമേഷ് (ഫിനാൻസ്), ബെന്നി ജോസഫ് (ടെക്നിക്കൽ ആൻഡ് ഓപ്പറേഷൻസ്) എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

