സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടറെ തൽസ്ഥാനത്തുനിന്നും മാറ്റിയ സർക്കാർ തീരുമാനം ഉചിതമാണെന്ന് കേരള ഗവൺമെന്റ് നഴ്സസ് യൂണിയൻ (കെജിഎൻയു). ആരോഗ്യ മേഖലയിലെ നിലവിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും, അവ പൊതുജന സൗഹൃദമാക്കി മാറ്റാനും ഈ നടപടിയിലൂടെ സാധിക്കുമെന്ന് യൂണിയൻ നേതൃത്വം വിലയിരുത്തുന്നു.
ഇക്കാര്യം വ്യക്തമാക്കി കെജിഎൻയു സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എം.അനസ് രംഗത്തെത്തി. മുൻ സർക്കാരിന്റെ കാലയളവിൽ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഭാഗത്തുനിന്നുണ്ടായ പല നടപടികളും നഴ്സുമാർക്കും ആരോഗ്യ പ്രവർത്തകർക്കും ഏറെ പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നുവെന്നും, അത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യ മേഖലയിലെ നയപരമായ തീരുമാനങ്ങൾ എടുക്കുമ്പോൾ നഴ്സുമാരുടെ സംഘടനകളുമായി ചർച്ച ചെയ്യാതെ ഏകപക്ഷീയമായ നിലപാടുകൾ സ്വീകരിക്കാനാണ് മുൻ ഡയറക്ടർ ശ്രമിച്ചിരുന്നതെന്ന് യൂണിയൻ കുറ്റപ്പെടുത്തുന്നു. ഇത് സംബന്ധിച്ച പരാതികൾ പലതവണ അന്നത്തെ ആരോഗ്യ മന്ത്രിക്കു നൽകിയിട്ടും കാര്യമായ നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ലെന്നും എസ്.എം.അനസ് ആരോപിച്ചു.
ദീർഘവീക്ഷണമില്ലാത്ത ഭരണ പരിഷ്കാരങ്ങൾ ആരോഗ്യ രംഗത്തെ നഴ്സുമാരുടെയും പൊതുജനങ്ങളുടെയും പ്രവർത്തനങ്ങളെ പിന്നോട്ട് നയിക്കുന്ന സാഹചര്യമാണുണ്ടാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

