ഫിഫ ലോകകപ്പ് വേദിയിൽ മിന്നുന്ന പ്രകടനവുമായി ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ. ന്യൂയോർക്കിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ സെനഗലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ഫ്രാൻസ് വിജയം പിടിച്ചെടുത്തത്.
മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയതോടെ ലോകകപ്പ് ഗോൾവേട്ടയിൽ ഫുട്ബോൾ ഇതിഹാസങ്ങളായ പെലെ, ലിയോണൽ മെസി എന്നിവരുടെ റെക്കോർഡുകളെ എംബാപ്പെ മറികടന്നു.
മത്സരത്തിന്റെ 66-ാം മിനിറ്റിൽ മൈക്കൽ ഒലീസെയുടെ പാസിൽ നിന്ന് സെനഗൽ ഗോൾകീപ്പർ എഡ്വേർഡ് മെൻഡിയെ കാഴ്ചക്കാരനാക്കി എംബാപ്പെ തന്റെ ആദ്യ ഗോൾ സ്കോർ ചെയ്തു. ഈ ഗോളോടെ ലോകകപ്പിലെ തന്റെ ആകെ ഗോൾ നേട്ടം 13 ആയി ഉയർത്താൻ താരത്തിന് സാധിച്ചു.
ഇതോടെ 12 ഗോളുകൾ നേടിയ ബ്രസീലിയൻ ഇതിഹാസം പെലെയുടെ റെക്കോർഡ് പഴങ്കഥയായി. തുടർന്ന് ഇഞ്ചുറി ടൈമിൽ അതിമനോഹരമായൊരു ലോങ് റേഞ്ച് ഷോട്ടിലൂടെ താരം തന്റെ രണ്ടാം ഗോളും ലോകകപ്പിലെ 14-ാം ഗോളും സ്വന്തമാക്കി.
ഇതോടെ 13 ലോകകപ്പ് ഗോളുകളുള്ള ലിയോണൽ മെസിയുടെ റെക്കോർഡും 27 കാരനായ ഈ താരം തിരുത്തിക്കുറിച്ചു. അഞ്ച് ലോകകപ്പുകളിൽ നിന്നാണ് മെസി 13 ഗോളുകൾ നേടിയതെങ്കിൽ, തന്റെ മൂന്നാം ലോകകപ്പിലാണ് എംബാപ്പെ ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്.
അൾജീരിയക്കെതിരായ മത്സരത്തിനായി മെസി ഇന്ന് പിന്നീട് ഇറങ്ങാനിരിക്കെയാണ് ഈ ചരിത്രനേട്ടം എന്നതും ശ്രദ്ധേയമാണ്. ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരുടെ പട്ടികയിൽ നാലാം സ്ഥാനത്തുള്ള എംബാപ്പെ, ഇപ്പോൾ ജർമ്മനിയുടെ മുൻ താരം ഗെർഡ് മുള്ളറുടെ (14 ഗോളുകൾ) ഒപ്പമെത്തി.
16 ഗോളുകളുമായി മിറോസ്ലാവ് ക്ലോസെയും, 15 ഗോളുകളുമായി ക്രിസ്റ്റ്യാനൊ റൊണാൾഡോയുമാണ് നിലവിൽ ഈ പട്ടികയിൽ എംബാപ്പെക്ക് മുന്നിലുള്ളത്. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ അർജന്റീനക്കെതിരെ ഹാട്രിക് നേടിയ എംബാപ്പെ, കഴിഞ്ഞ രണ്ട് ലോകകപ്പ് മത്സരങ്ങളിൽ നിന്നുമായി 5 ഗോളുകളാണ് അടിച്ചുകൂട്ടിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

