മാതാവിനെ കാണാൻ ഭംഗിയില്ലെന്ന കാരണത്താൽ സ്വന്തം വിവാഹച്ചടങ്ങിൽ നിന്ന് മാറ്റിനിർത്തിയ ജീവനക്കാരനെ കമ്പനി ഉടമ പുറത്താക്കി. ചൈനയിലാണ് അപൂർവ്വമായ ഈ സംഭവം നടന്നിരിക്കുന്നത്.
ഹേനാൻ മൈനിങ് ക്രെയിൻ കമ്പനി ലിമിറ്റഡിന്റെ സ്ഥാപകനായ കുയി പെയ്ജുൻ ആണ് വിവാഹത്തിൽ നിന്ന് അമ്മയെ ഒഴിവാക്കിയ ജീവനക്കാരനെതിരെ കടുത്ത നടപടി സ്വീകരിച്ചത്. കഴിഞ്ഞ ജൂലൈ 21ന് കമ്പനി ജീവനക്കാരുടെ മക്കൾക്കായി സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് കുയി പെയ്ജുൻ ഈ വിഷയം വെളിപ്പെടുത്തിയത്.
331 വിദ്യാർഥികൾ പങ്കെടുത്ത ചടങ്ങിന്റെ ഉദ്ഘാടന വേളയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാതാപിതാക്കളെ ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യുകയെന്നത് മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട
ധാർമ്മികതയാണെന്നും, സ്വന്തം മാതാപിതാക്കളെ പോലും പരിപാലിക്കാൻ തയ്യാറാകാത്ത ഒരാൾക്ക് ഒരു സ്ഥാപനത്തിൽ നിന്നോ സമൂഹത്തിൽ നിന്നോ യാതൊരുവിധ ബഹുമാനവും അർഹതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുമ്പ് നടന്ന ആ ജീവനക്കാരന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ചടങ്ങിന്റെ ഭാഗമാകാതെ അമ്മ മറ്റൊരിടത്ത് ഒറ്റയ്ക്ക് ഇരിക്കുന്നത് കുയി പെയ്ജുൻ ശ്രദ്ധിച്ചത്.
തുടർന്ന് ജീവനക്കാരനോട് ഇതിനുള്ള കാരണം തിരക്കിയപ്പോഴാണ് ഞെട്ടിക്കുന്ന മറുപടി ലഭിച്ചത്. അമ്മയുടെ മുഖം കാണാൻ ഭംഗിയില്ലെന്നും അതിനാൽ സമൂഹത്തിന് മുന്നിൽ ലജ്ജ തോന്നുന്നുവെന്നുമായിരുന്നു ജീവനക്കാരന്റെ മറുപടി.
ഈ ക്രൂരമായ മറുപടി കേട്ട് പ്രകോപിതനായ കുയി പെയ്ജുൻ, ആ ജീവനക്കാരന്റെ ബുദ്ധിമുട്ടേറിയ കുടുംബ പശ്ചാത്തലം ഓർമ്മിപ്പിച്ചു. “നിനക്ക് രണ്ടു വയസ്സുള്ളപ്പോൾ നിന്റെ അച്ഛൻ മരിച്ചതാണ്.
ഇങ്ങനെയാണോ നീ അമ്മയോട് പെരുമാറുക” എന്ന് അദ്ദേഹം ചോദിക്കുകയുണ്ടായി. തുടർന്ന് അപ്പോൾ തന്നെ അയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു.
പിന്നീട് മറ്റൊരു തൊഴിൽ കണ്ടെത്താനാകാതെ വന്നതോടെ ജീവനക്കാരൻ ഓഫീസിലെത്തി മാപ്പുനൽകണമെന്ന് ആവശ്യപ്പെടുകയും കാലുപിടിച്ച് മാപ്പപേക്ഷിക്കുകയും ചെയ്തെങ്കിലും കുയി പെയ്ജുൻ തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഈ വാർത്ത സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയാവുകയും കമ്പനി ഉടമയുടെ നിലപാടിനെ അനുകൂലിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തുകയും ചെയ്തു.
കൂടാതെ, ജോലിയിൽ നിന്ന് പിരിച്ചുവിട്ട ജീവനക്കാരന്റെ അമ്മയ്ക്ക് സ്വന്തം സ്ഥാപനത്തിൽ കുയി പെയ്ജുൻ ജോലി നൽകിയതായും റിപ്പോർട്ടുകളുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

