പശ്ചിമ കൊച്ചിയിലെ ചലച്ചിത്ര ആസ്വാദകർക്ക് അര നൂറ്റാണ്ടോളം ദൃശ്യാനുഭവം സമ്മാനിച്ച കുമ്പളങ്ങി വഴിയിലെ പ്രതീക്ഷ തിയറ്റർ ചരിത്രത്തിലേക്ക് വഴിമാറുന്നു. തിയറ്റർ പൊളിച്ചുനീക്കുന്ന പ്രവൃത്തികൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാകുന്നതോടെ കൊച്ചിയിലെ മറ്റൊരു പ്രമുഖ സിനിമാ കൊട്ടക കൂടി ഓർമയായി മാറും.
1977-ലാണ് ഈ തിയറ്റർ പ്രവർത്തനമാരംഭിച്ചത്. അന്നത്തെ കൊച്ചി മേയർ എ.കെ.ശേഷാദ്രി തിയറ്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
എൻ.ശങ്കരൻ നായർ സംവിധാനം ചെയ്ത് കമൽഹാസൻ – ശ്രീദേവി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ശ്രീദേവി’ എന്ന ചിത്രമാണ് ഇവിടെ ആദ്യമായി പ്രദർശിപ്പിച്ചത്. ആ കാലഘട്ടത്തിൽ അത്യാധുനിക ശബ്ദ-വെളിച്ച സംവിധാനങ്ങളോടെയാണ് തിയറ്റർ സജ്ജീകരിച്ചിരുന്നത്.
കുമ്പളങ്ങി, പെരുമ്പടപ്പ്, പള്ളുരുത്തി, ഇടക്കൊച്ചി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവരായിരുന്നു ഈ തിയറ്ററിലെ പ്രധാന പ്രേക്ഷകർ. സി-ക്ലാസ് വിഭാഗത്തിൽ പെടുന്ന തിയറ്ററായിരുന്നെങ്കിലും സാധാരണക്കാരായ ജനങ്ങളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം നേടാൻ പ്രതീക്ഷയ്ക്ക് സാധിച്ചിരുന്നു.
രണ്ടായിസാണ്ടിന്റെ തുടക്കത്തിൽ മേഖലയിൽ എയർകണ്ടീഷൻ ചെയ്ത തിയറ്ററുകൾ സജീവമായെങ്കിലും സാധാരണക്കാർ പ്രതീക്ഷ തിയറ്ററിനെ കൈവിട്ടിരുന്നില്ല. പിന്നീട് വന്ന സാങ്കേതിക മാറ്റങ്ങൾ വരുമാനത്തിൽ ഇടിവുണ്ടാക്കിയെങ്കിലും പ്രദർശനം തുടരാൻ സാധിച്ചിരുന്നു.
എന്നാൽ, ഒടിടി പ്ലാറ്റ്ഫോമുകളുടെ കടന്നുവരവ് തിയറ്ററിന്റെ നിലനിൽപ്പിനെ സാരമായി ബാധിച്ചു. വരുമാനം ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് 2024-ൽ ഇവിടത്തെ പ്രദർശനം പൂർണ്ണമായി അവസാനിപ്പിക്കുകയായിരുന്നു.
പള്ളുരുത്തി മേഖലയിൽ മുൻപ് പ്രതീക്ഷ, ജയലക്ഷ്മി, പാലമുറ്റം എന്നീ തിയറ്ററുകളാണുണ്ടായിരുന്നത്. ഇതിൽ പാലമുറ്റം തിയറ്റർ വർഷങ്ങൾക്ക് മുൻപ് തന്നെ പൊളിച്ചുനീക്കിയിരുന്നു.
പള്ളുരുത്തി മരുന്നുകടയിലുള്ള ജയലക്ഷ്മി തിയറ്റർ ആകട്ടെ വർഷങ്ങളായി അടഞ്ഞുകിടക്കുന്ന അവസ്ഥയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

