കോഴിക്കോട് നഗരത്തില്‍ സ്കൂട്ടര്‍ മോഷ്ടിച്ച കേസില്‍ കുപ്രസിദ്ധ കുറ്റവാളി അറസ്റ്റില്‍. കുന്ദമംഗലം പെരിങ്ങളം അറപ്പൊയില്‍ വീട്ടില്‍ മുജീബ് (39) ആണ് ടൗണ്‍ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 14-ാം തീയതി ഉച്ചയോടെ മാനാഞ്ചിറ പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന ചെലവൂര്‍ സ്വദേശി രഞ്ജുവിന്റെ ആക്ടീവ സ്കൂട്ടര്‍ മോഷ്ടിച്ചതായാണ് കേസ്. ഉടമയുടെ പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പോലീസ്, സംഭവസ്ഥലത്തെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് കുന്ദമംഗലം മേഖലയില്‍ വെച്ച് ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പന്ത്രണ്ടോളം കേസുകളിലെ പ്രതി
വിവിധ പോലീസ് സ്റ്റേഷന് പരിധികളിലായി മോഷണവും പിടിച്ചുപറിയും ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍.
കോഴിക്കോട്, മലപ്പുറം ജില്ലകളിലായി കൊണ്ടോട്ടി, കരിപ്പൂര്‍, അരീക്കോട്, എടച്ചേരി, കൊടുവള്ളി, അത്തോളി, കുന്ദമംഗലം, പന്തീരങ്കാവ്, ടൗണ്‍, നടക്കാവ്, വെള്ളയില്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്. കാപ്പ നിയമപ്രകാരം ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന മുജീബ്, ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയതിന് പിന്നാലെയാണ് വീണ്ടും മോഷണക്കേസില്‍ പ്രതിയാകുന്നത്.
ടൗണ്‍ പോലീസ് എസ്.ഐ ശ്രീജേഷ്, എ.എസ്.ഐ സജീവന്, സീനിയര്‍ സിവിൽ പോലീസ് ഓഫീസര്‍മാരായ പ്രസാദ്, അജേഷ്, സിവിൽ പോലീസ് ഓഫീസര്‍മാരായ നൈജീഷ്, രജീന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

