നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ സി ബി ഐ അന്വേഷണം എൻ ടി എയുടെ ഉന്നതങ്ങളിലേക്ക് വ്യാപിക്കുന്നു.
കേസിൽ അറസ്റ്റിലായ അധ്യാപിക മനീഷ ഗുരുനാഥിനെ 14 ദിവസത്തെ സി ബി ഐ കസ്റ്റഡിയിൽ കോടതി വിട്ടു. കേസിൽ ഉൾപ്പെട്ട
മറ്റ് അധ്യാപകരെയും പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേവലം ഈ വർഷത്തേക്ക് മാത്രമുള്ളതാണോ അതോ കഴിഞ്ഞ വർഷങ്ങളിലും സമാനമായ അട്ടിമറികൾ നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ സി ബി ഐ വിശദമായ പരിശോധന ആരംഭിച്ചു.
രാജസ്ഥാനിൽ അറസ്റ്റിലായ ബി ജെ പി നേതാവ് ദിനേശ് ബിവാളിന്റെ അടുത്ത ബന്ധുക്കളായ വിദ്യാർത്ഥികൾക്ക് കഴിഞ്ഞ വർഷത്തെ നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് ലഭിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അന്വേഷണ സംഘത്തെ സംശയത്തിലാക്കിയത്.
പ്ലസ്ടു പരീക്ഷയിൽ ശരാശരി വിജയം മാത്രം നേടിയ വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷയിൽ ഉന്നത സ്കോർ ലഭിച്ചത് ദുരൂഹമാണെന്ന് സി ബി ഐ വിലയിരുത്തുന്നു. ഇത്തവണ ദിനേഷിന്റെ മകന് വേണ്ടി ചോദ്യപേപ്പർ ചോർത്തി നൽകിയെങ്കിലും വിദ്യാർത്ഥിക്ക് ഉയർന്ന സ്കോർ നേടാൻ കഴിഞ്ഞില്ലെന്ന് ദിനേശ് മൊഴി നൽകിയിട്ടുണ്ട്.
എൻ ടി എയുടെ സിസ്റ്റത്തിൽ നിന്നാണ് ചോദ്യപേപ്പർ ചോർന്നതെന്ന് സി ബി ഐ സ്ഥിരീകരിച്ചിട്ടുണ്ട്. കുൽക്കർണി, മനീഷ എന്നീ അധ്യാപകർ എൻ ടി എയുടെ സെർവറിൽ നിന്ന് ചോദ്യങ്ങൾ ചോർത്തിയതായാണ് കണ്ടെത്തൽ.
കൈപ്പടയിലും ടൈപ്പ് ചെയ്ത രൂപത്തിലുമായി രണ്ട് സെറ്റ് ചോദ്യപേപ്പറുകളാണ് ചോർന്നത്. ചോദ്യക്കടലാസ് തയ്യാറാക്കിയവരും പരിഭാഷകരും നിലവിൽ സി ബി ഐയുടെ കർശന നിരീക്ഷണത്തിലാണ്.
സംശയമുള്ളവരുടെ പട്ടിക എൻ ടി എ, സി ബി ഐക്ക് കൈമാറിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് സൂചനയുണ്ട്.
അതേസമയം, പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രദാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ് തീരുമാനിച്ചു. വിഷയത്തിൽ കേന്ദ്ര സർക്കാരും എൻ ടി എയും കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്.
ജൂണിൽ നടക്കാനിരിക്കുന്ന പുനഃപരീക്ഷയ്ക്കായി പുതിയ ചോദ്യപേപ്പർ സമിതിയെ രൂപീകരിക്കുന്നതിനുള്ള നടപടികൾ രഹസ്യമായി പുരോഗമിക്കുകയാണെന്ന് എൻ ടി എ വൃത്തങ്ങൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

