അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിലെ പതിനേഴാം വാർഡിൽ സിപിഐ ചെഗുവര ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ പി ജി ട്രില്ലിമോന്റെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ അജ്ഞാതർ തീവെച്ച് നശിപ്പിച്ചു. KL 04 എആർ 2227 നമ്പർ ഫാസിനോ സ്കൂട്ടറാണ് കഴിഞ്ഞ രാത്രി കത്തിനശിച്ചത്.
ട്രില്ലിമോന്റെ ഭാര്യാസഹോദരിയുടെ ഉടമസ്ഥതയിലുള്ള വാഹനം, സഹോദരീഭർത്താവിന്റെ മരണശേഷം കഴിഞ്ഞ രണ്ടു വർഷമായി ഉപയോഗിച്ചുവരികയായിരുന്നു. രാത്രി 11.30-ഓടെ പുറത്തുനിന്നും കേട്ട
ശബ്ദത്തെ തുടർന്ന് ട്രില്ലിമോൻ ജനൽ തുറന്നു നോക്കിയപ്പോഴാണ് സ്കൂട്ടർ കത്തുന്നതായി കണ്ടത്. വീടിന്റെ പ്രധാന വാതിൽ പുറത്തുനിന്ന് അക്രമികൾ പൂട്ടിയിരുന്നതിനാൽ കുടുംബാംഗങ്ങൾക്ക് പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല.
തുടർന്ന് അടുക്കള വാതിൽ വഴി പുറത്തിറങ്ങിയാണ് ട്രില്ലിയും ഭാര്യ ജാസ്മിനും തീയണയ്ക്കാൻ ശ്രമിച്ചത്. വീടിനോട് ചേർന്ന് നിർമ്മിച്ച ഷെഡിലായിരുന്നു വാഹനം സൂക്ഷിച്ചിരുന്നത്.
തീ പടർന്നതിനെത്തുടർന്ന് സ്കൂട്ടർ പൂർണ്ണമായും കത്തിനശിക്കുകയും സമീപത്തുണ്ടായിരുന്ന ഫർണീച്ചറുകളും സൈക്കിളും മറ്റ് വീട്ടുസാധനങ്ങളും അഗ്നിക്കിരയാവുകയും ചെയ്തു. പ്രദേശത്ത് അടുത്തിടെ ഉണ്ടായ സംഘർഷങ്ങളുടെ തുടർച്ചയാണ് ഈ സംഭവമെന്നാണ് പ്രാഥമിക നിഗമനം.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പുന്നപ്ര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

