ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനിടെ പഞ്ചാബിലും ഉത്തർ പ്രദേശിലും തലപ്പത്ത് അഴിച്ചുപണി. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് അമരീന്ദർ സിങ് വാറിങ് രാജിവച്ചതിനു പിന്നാലെ ഹോക്കി ഇതിഹാസം പർഗത് സിങ്ങിനെ അധ്യക്ഷനാക്കി കോൺഗ്രസ് നിയമിച്ചു.
2022 ഏപ്രിൽ മുതൽ പിപിസിസി അധ്യക്ഷനായിരുന്നു വാറിങ്. ഫെബ്രുവരിയിലാണ് പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.
താൻ അധ്യക്ഷസ്ഥാനത്തുനിന്ന് രാജിവയ്ക്കാൻ സംസ്ഥാനത്തിന്റെ ചുമതല ഏറ്റെടുത്ത എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് ആഗ്രഹിച്ചിരുന്നെന്ന് രാഹുൽ ഗാന്ധിക്ക് രാജിക്കത്ത് കൈമാറിയ ശേഷം വാറിങ് പ്രതികരിച്ചു. നാലര വർഷമാണ് വാറിങ് സംസ്ഥാന അധ്യക്ഷനായിരുന്നത്.
തിരഞ്ഞെടുപ്പ് ഫെബ്രുവരിയിൽ നടക്കാനിരിക്കെ അധ്യക്ഷനെ മാറ്റിയത് മുൻ മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി ഉയർത്തിയ കലാപക്കൊടി കാരണമാണ്. ദീർഘകാലമായി തുടർന്ന വിഭാഗീയതയ്ക്കൊടുവിൽ സംസ്ഥാന ചുമതലയുണ്ടായിരുന്ന എഐസിസി ജനറൽ സെക്രട്ടറി ഭൂപേഷ് ബാഗേലിനെ ഒഴിവാക്കിയാണു ഹൈക്കമാൻഡ് പൈലറ്റിനു ചുമതല നൽകിയത്.
“ചന്നി സാഹിബ് ജയിച്ചു”–എന്നും രാജിക്കത്ത് നൽകിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കവേ വാറിങ് പറഞ്ഞു. ജലന്ധർ കന്റോൺമെന്റ് എംഎൽഎയാണ് പുതിയ അധ്യക്ഷനായ പർഗത് സിങ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിയോട് ദയനീയമായി പരാജയപ്പെട്ട കോൺഗ്രസിന് 117 അംഗ നിയമസഭയിൽ 18 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.
ഉത്തർ പ്രദേശിലും കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് അഴിച്ചുപണി നടത്തി. അജയ് റായിക്കു പകരം ആരാധന മിശ്ര മോനയെ പുതിയ അധ്യക്ഷയായി നിയമിച്ചു.
രാജ്യസഭ എംപി പ്രമോദ് തിവാരിയുടെ മകളാണ് ആരാധന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

