കേരളത്തിൽ വേനൽ മഴ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസത്തേക്കുള്ള പ്രവചനമനുസരിച്ച് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ പ്രദേശങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിന് പുറമെ, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് നിലവിലുണ്ട്.
നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും, മറ്റന്നാൾ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.
ഇടിമിന്നലോടു കൂടിയ മഴയായിരിക്കും മിക്കയിടങ്ങളിലും അനുഭവപ്പെടുക. പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശങ്ങൾ:
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ മുൻകരുതലിന്റെ ഭാഗമായി അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി താമസിക്കണം.
നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കേണ്ടതാണ്. ദുരന്തസാധ്യതയുള്ള പ്രദേശവാസികൾ പകൽ സമയത്ത് തന്നെ ക്യാമ്പുകളിലേക്ക് മാറുന്നത് ഉറപ്പാക്കാൻ തദ്ദേശസ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മേൽക്കൂര ബലമില്ലാത്ത വീടുകളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

