മലയാളികളുടെ പ്രിയ താരങ്ങളായ ക്രിക്കറ്റർ സഞ്ജു സാംസണും സംവിധായകനും നടനുമായ ബേസിൽ ജോസഫും തമ്മിലുള്ള സൗഹൃദം സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയാകാറുണ്ട്. ചെന്നൈയിൽ വെച്ച് നടന്ന ‘അതിരടി’ എന്ന ചിത്രത്തിന്റെ തമിഴ് ട്രെയിലർ ലോഞ്ചിനിടെ ഇരുവരും പങ്കുവെച്ച വിശേഷങ്ങളാണ് ഇപ്പോൾ സിനിമാ-ക്രിക്കറ്റ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്.
ചിത്രത്തിലെ മുഖ്യാതിഥിയായാണ് സഞ്ജു സാംസൺ ചടങ്ങിൽ പങ്കെടുത്തത്. ചിത്രം ഏത് ഭാഷയിൽ കാണാനാണ് താൽപ്പര്യമെന്ന അവതാരകയുടെ ചോദ്യത്തിന്, രണ്ട് ഭാഷകളിലും കാണുമെന്നായിരുന്നു സഞ്ജുവിന്റെ മറുപടി.
“ആദ്യം മലയാളത്തിലും പിന്നെ തമിഴിലും കാണണം. ശരിക്കും കണ്ട് വിലയിരുത്തണം.
എന്റെ ഓരോ മാച്ച് കഴിഞ്ഞും ഇവന് എന്നെ വിളിക്കും. നീ ആ ഷോട്ട് കളിച്ചത് ശരിയായില്ല എന്നൊക്കെ പറയും.
അപ്പോൾ ഇവന്റെ സിനിമ കണ്ട് ഞാനും കമന്റ് പറയണം”, സഞ്ജു തമാശരൂപേണ പറഞ്ഞു. നേരത്തെ സഞ്ജുവിനായി ‘അതിരടി’യിൽ ഒരു വേഷം മാറ്റിവെച്ചിരുന്നതായി ബേസിൽ ജോസഫ് വെളിപ്പെടുത്തിയിരുന്നു.
ഈ അവസരം എന്തുകൊണ്ട് സ്വീകരിച്ചില്ല എന്ന ചോദ്യത്തിന്, അത് ചെറിയ വേഷമായതുകൊണ്ടാണ് വേണ്ടെന്ന് വെച്ചതെന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം. “ചെറിയ റോളാണ് തന്നത്.
തരുമ്പോൾ കുറച്ച് വലിയ റോൾ തരൂ എന്ന് ഞാൻ പറഞ്ഞു”, സഞ്ജു വ്യക്തമാക്കി. എന്നാൽ സഞ്ജുവിന് നൽകാൻ ഉദ്ദേശിച്ചത് ഒരു മാസ് കഥാപാത്രത്തെ തന്നെയായിരുന്നുവെന്ന് ബേസിൽ വിശദീകരിച്ചു.
“ഇതും മാസ് റോൾ ആയിരുന്നു. ഒരു ഓട്ടോ ഡ്രൈവറുടെ റോൾ.
ആ ഓട്ടോയുടെ പേര് സിക്സർ എന്നായിരുന്നു”, ബേസിൽ കൂട്ടിച്ചേർത്തു. ഓട്ടോ ഡ്രൈവർ എന്നൊക്കെ പറഞ്ഞാൽ ഇവിടെ തമിഴ്നാട്ടിൽ മാസ് ആയിരുന്നല്ലോ എന്ന് രജനികാന്തിന്റെ ശൈലിയിൽ സഞ്ജു മറുപടി നൽകിയത് സദസ്സിൽ ചിരി പടർത്തി.
താൻ ആദ്യമായാണ് ഇത്തരമൊരു ചടങ്ങിനെത്തുന്നതെന്നും ബേസിലുമായുള്ള സൗഹൃദമാണ് ഇതിന് കാരണമെന്നും സഞ്ജു പറഞ്ഞു. “ഇങ്ങനെയൊന്ന് മുൻപ് ഞാൻ ചെയ്തിട്ടില്ല.
സുഹൃത്ത് വിളിച്ചാൽ വന്നല്ലേ പറ്റൂ. അതുകൊണ്ട് വന്നതാണ്.
വലിയ സന്തോഷമുണ്ട്. ബേസിൽ എനിക്ക് ഏറെക്കാലമായി അറിയാവുന്ന സുഹൃത്ത് ആണ്.
കാഷ്വൽ ആയിരുന്ന ഒരു സൗഹൃദം ആയിരുന്നു”. എപ്പോഴും ചിരിച്ചുകൊണ്ട് സംസാരിക്കുമെങ്കിലും ജോലിയുടെ കാര്യത്തിൽ ബേസിൽ അതീവ ഗൗരവക്കാരനാണെന്നും, ഒരു ഡിന്നറിന് പോകാൻ പോലും പലപ്പോഴും ബേസിലിനെ കിട്ടാറില്ലെന്നും സഞ്ജു സാംസൺ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

