ചേർപ്പ് ജൂബിലി തേവർ പടവ് പാടശേഖരത്തിലെ ബണ്ടുകളിൽ പുല്ല് നശിപ്പിക്കുന്നതിനായി രാസവസ്തുക്കൾ തളിച്ചത് സമീപത്തെ ചാലുകളിലെ ജലമലിനീകരണത്തിന് കാരണമായതായി പരാതി. ചേനം റോഡിലെ പാലത്തിന് സമീപമുള്ള ചാലുകളിൽ വെള്ളം കറുത്ത നിറത്തിൽ മാറുകയും രൂക്ഷമായ ദുർഗന്ധം വമിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.
മാരകമായ രാസവസ്തുക്കളുടെ പ്രയോഗമാണ് ജല മലിനീകരണത്തിന് പിന്നിലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കൃഷി ഓഫിസറുടെ മുൻകൂർ അനുമതി ലഭിച്ചതിന് ശേഷം മാത്രമേ പാടശേഖരങ്ങളിൽ ഇത്തരത്തിലുള്ള രാസവസ്തുക്കൾ പ്രയോഗിക്കാൻ പാടുള്ളൂവെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
ഏകദേശം 550 കുടുംബങ്ങൾ താമസിക്കുന്ന ചേനം തുരുത്ത് എന്ന ഗ്രാമം പാടശേഖരത്തിന് നടുവിലാണ് സ്ഥിതി ചെയ്യുന്നത്. രാസവസ്തുക്കളുടെ പ്രയോഗം മൂലം പ്രദേശത്തെ കിണറുകളിലേക്ക് വിഷാംശം കലരാൻ സാധ്യതയുണ്ടെന്ന ആശങ്കയും നാട്ടുകാർ പങ്കുവെക്കുന്നു.
ഈ വിഷയം ചൂണ്ടിക്കാട്ടി ചേർപ്പ്, പാറളം പഞ്ചായത്ത് അധികൃതർക്ക് നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്. പരാതിയെ തുടർന്ന് കൃഷി വകുപ്പിലെയും ആരോഗ്യവകുപ്പിലെയും ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.
അതേസമയം, കൃഷിക്ക് ദോഷകരമായി ബാധിക്കുന്ന പുല്ല് നശിപ്പിക്കുന്നതിനായി നിയമാനുസൃതമായ മരുന്നാണ് തളിച്ചതെന്ന് പടവ് ഭാരവാഹികൾ പ്രതികരിച്ചു. കമ്മിറ്റിക്കെതിരെ അപകീർത്തികരമായ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

