തൊടുപുഴ മങ്ങാട്ടുകവല ജംക്ഷനിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റുകൾ പകൽസമയത്തും അണയ്ക്കാത്തത് വലിയ വൈദ്യുതി നഷ്ടത്തിന് കാരണമാകുന്നു. ഇടയ്ക്കിടെ തകരാറിലായതിനെത്തുടർന്ന് അടുത്തിടെയാണ് ഇവിടെ പുതിയ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.
എന്നാൽ, ഈ ലൈറ്റിലെ എട്ട് ബൾബുകളും 24 മണിക്കൂറും പ്രകാശിക്കുന്ന അവസ്ഥയാണുള്ളത്. മുതലക്കോടം, കാരിക്കോട്, വെങ്ങല്ലൂർ–മങ്ങാട്ടുകവല നാലുവരി പാത, മാർക്കറ്റ് റോഡ് എന്നീ പ്രധാന പാതകൾ സംഗമിക്കുന്ന തിരക്കേറിയ ജംക്ഷനാണിത്.
രാത്രിയിൽ വെളിച്ചം കുറവാണെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് പുതിയ ലൈറ്റ് സ്ഥാപിച്ചതെങ്കിലും, ഇപ്പോൾ അത് പകൽ സമയത്തും ഓഫ് ചെയ്യാൻ സംവിധാനമില്ലാത്തത് ജനങ്ങളിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മങ്ങാട്ടുകവലയിൽ മാത്രമല്ല, നഗരത്തിലെ പല ഭാഗങ്ങളിലും സമാനമായ സ്ഥിതിയാണുള്ളത്.
വെങ്ങല്ലൂർ–മങ്ങാട്ടുകവല നാലുവരിപ്പാത, ഡോ. എപിജെ അബ്ദുൽ കലാം സ്കൂൾ പരിസരം, അമ്പലം ബൈപാസ്, മാർക്കറ്റ് റോഡ്, റെസ്റ്റ് ഹൗസിനു മുൻവശം എന്നിവിടങ്ങളിലും പകൽ സമയത്ത് തെരുവുവിളക്കുകൾ പ്രകാശിക്കുന്നു.
പലയിടത്തും പ്രധാന റോഡുകൾ ഇരുട്ടിലായിരിക്കുമ്പോൾ, മറ്റ് ചില സ്ഥലങ്ങളിൽ അനാവശ്യമായി വൈദ്യുതി ഉപയോഗിക്കപ്പെടുന്നത് വിരോധാഭാസമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ലൈറ്റ് ഓഫ് ചെയ്യാൻ ജീവനക്കാരില്ലാത്തതാണ് നഗരസഭയുടെ വാദം.
നിലവിൽ ഫ്യൂസ് ഘടിപ്പിച്ച് സന്ധ്യയ്ക്ക് ഓൺ ചെയ്യുകയും രാവിലെ ഊരി മാറ്റുകയുമാണ് പതിവ്. എന്നാൽ ഈ ജോലി നിർവഹിക്കാൻ കൃത്യമായ ഉത്തരവാദിത്തം ആർക്കുമില്ലാത്ത സ്ഥിതിയാണ്.
കെഎസ്ഇബി ജീവനക്കാരോ അതുവഴി കടന്നുപോകുന്ന യാത്രക്കാരോ ആണ് പലപ്പോഴും ഫ്യൂസ് അഴിച്ചുമാറ്റുന്നത്. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമായി ഫ്യൂസ് നിയന്ത്രിക്കാൻ സ്ഥിരമായി ഒരാളെ നിയമിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

