കോട്ടയം ജില്ലയിൽ ഇത്തവണത്തെ പ്ലസ് വൺ പ്രവേശന നടപടികൾ കൂടുതൽ സജീവമാകും. എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടിയ 17,039 വിദ്യാർഥികൾക്ക് ആകെ ലഭ്യമായത് 21,964 സീറ്റുകളാണ്.
യോഗ്യത നേടിയ കുട്ടികളേക്കാൾ 4,925 സീറ്റുകൾ അധികമായി ഉള്ളതിനാൽ പ്രവേശന നടപടികൾ സുഗമമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതും സയൻസ്, കൊമേഴ്സ് തുടങ്ങിയ വിഷയങ്ങളിലെ പ്രവേശനം എളുപ്പമാക്കുമെന്ന പ്രതീക്ഷ നൽകുന്നു.
ജില്ലയിൽ പ്ലസ് വൺ ഏകജാലക പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷകൾ ഈ മാസം 26 മുതൽ സ്വീകരിച്ചു തുടങ്ങുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫിസ് അറിയിച്ചു. അതേസമയം, പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ പൊതുവായ കുറവ് അനുഭവപ്പെടുന്നതായി വിദ്യാഭ്യാസ വകുപ്പിന്റെ പ്രാഥമിക കണ്ടെത്തലുണ്ട്.
കുടുംബങ്ങൾ വിദേശത്തേക്ക് കുടിയേറുന്നതാണ് പ്രവേശനത്തിനായുള്ള വിദ്യാർഥികളുടെ എണ്ണത്തിൽ ഇടിവുണ്ടാകാൻ പ്രധാന കാരണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ലഭ്യമായ സീറ്റുകളുടെ എണ്ണം കൂടുതലാണെങ്കിലും വിദ്യാർഥികൾക്ക് അവരുടെ സൗകര്യാർഥം തൊട്ടടുത്തുള്ള വിദ്യാലയങ്ങളിൽ പ്രവേശനം ലഭിക്കുമെന്നതിൽ ഉറപ്പില്ല.
ജില്ലയിൽ സയൻസ് വിഷയത്തിനാണ് നിലവിൽ കൂടുതൽ സീറ്റുകൾ അനുവദിച്ചിട്ടുള്ളത്. ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളിൽ സീറ്റുകൾ കുറവാണെന്ന പരാതിയും നിലനിൽക്കുന്നുണ്ട്.
ജില്ലയിൽ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ ആവശ്യമെങ്കിൽ മറ്റ് ജില്ലകളിലേക്ക് പുനർവിന്യസിക്കാനും സാധ്യതയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

