നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണം രാജസ്ഥാനിൽ നിർണായക വഴിത്തിരിവിലെത്തി.
പഠനത്തിൽ ശരാശരിയിലും താഴെയായിരുന്ന ഒരേ കുടുംബത്തിലെ അഞ്ച് വിദ്യാർത്ഥികൾ അസാധാരണ മാർക്കോടെ സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടിയ സംഭവം സിബിഐ ഗൗരവമായി പരിശോധിക്കുകയാണ്. ചോദ്യപേപ്പർ പണം നൽകി വാങ്ങിയ രാജസ്ഥാൻ സ്വദേശികളായ ദിനേഷ്, മംഗിലാൽ ബിവാല എന്നിവരാണ് തട്ടിപ്പിന്റെ സൂത്രധാരന്മാരെന്ന് അന്വേഷണസംഘം സംശയിക്കുന്നു.
പ്ലസ്ടുവിന് 55 ശതമാനം മാർക്ക് മാത്രം ലഭിച്ച വികാസ്, നീറ്റ് പരീക്ഷയിൽ 86 ശതമാനം മാർക്ക് കരസ്ഥമാക്കി സവായി മധോപൂർ മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയിരുന്നു. കോളേജ് പരീക്ഷകളിൽ 30 ശതമാനം മാർക്ക് മാത്രമുണ്ടായിരുന്ന ഇയാൾ ജനുവരി മുതൽ ക്ലാസിൽ ഹാജരായിരുന്നില്ല.
നിലവിൽ വികാസിനെയും പിതാവ് ദിനേഷിനെയും അമ്മാവൻ മംഗിലാലിനെയും സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. പത്താം ക്ലാസിൽ 93 ശതമാനവും പ്ലസ്ടുവിന് 89 ശതമാനവും മാർക്കുണ്ടായിരുന്ന പലക്, നീറ്റിൽ 98.61 പെർസെന്റൈൽ നേടി ജയ്പൂർ എസ്എംഎസ് മെഡിക്കൽ കോളേജിൽ പ്രവേശിച്ചു.
കോളേജ് പരീക്ഷകളിൽ ശരാശരി പ്രകടനം മാത്രം കാഴ്ചവെച്ചിരുന്ന ഇവർ, അമ്മാവൻ ദിനേഷ് അറസ്റ്റിലായതിന് പിന്നാലെ ഹോസ്റ്റലിൽ നിന്ന് ഒളിവിൽ പോയി. പത്താം ക്ലാസിൽ 69 ശതമാനം മാർക്ക് മാത്രം നേടിയ പ്രഗതി, നീറ്റിൽ 89 ശതമാനം മാർക്കോടെ ദൗസയിലെ സർക്കാർ മെഡിക്കൽ കോളേജിലാണ് പ്രവേശനം നേടിയത്.
മംഗിലാൽ അറസ്റ്റിലായതോടെ പ്രഗതിയും കോളേജിൽ നിന്ന് അവധിയിൽ പ്രവേശിച്ചു. പത്താം ക്ലാസിൽ 63 ശതമാനം മാർക്ക് മാത്രമുണ്ടായിരുന്ന സാനിയ നീറ്റിൽ 94.07 പെർസെന്റൈൽ നേടി മുംബൈയിലെ മെഡിക്കൽ കോളേജിൽ പഠിക്കുന്നുണ്ടെങ്കിലും ഇപ്പോൾ ഒളിവിലാണ്.
കോച്ചിംഗ് ടെസ്റ്റുകളിൽ 720-ൽ 320 മുതൽ 342 വരെ മാത്രം മാർക്ക് ലഭിച്ചിരുന്ന ഗുഞ്ജൻ, നീറ്റിൽ 92.53 പെർസെന്റൈൽ നേടി വാരണാസിയിലെ സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശനം നേടി. ഗുഞ്ജനും നിലവിൽ ഒളിവിലാണ്.
കഴിഞ്ഞ വർഷത്തെ വിജയത്തെത്തുടർന്ന്, ദിനേഷിന്റെ മകൻ ഋഷി ബിവാലിനെയും മംഗിലാലിന്റെ മകൻ അമനെയും ഇതേ രീതിയിൽ വിജയിപ്പിക്കാൻ കുടുംബം ശ്രമം നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. സ്കൂൾ തലത്തിൽ ഗ്രേസ് മാർക്കോടെ വിജയിച്ച ഇവർ ഇത്തവണ നീറ്റ് പരീക്ഷ എഴുതിയിട്ടുണ്ട്.
2025 നവംബറിൽ കുടുംബത്തിലെ അഞ്ച് കുട്ടികൾക്ക് എംബിബിഎസ് പ്രവേശനം ലഭിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ദിനേഷ് ബിവാൽ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റും, സിക്കാറിലെ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ നൽകിയ പരസ്യങ്ങളും സിബിഐയുടെ പരിശോധനയിലാണ്. ഒരു കുടുംബത്തിലെ അഞ്ച് പേർ ഒരേസമയം ഇത്തരത്തിൽ വിജയിച്ചത് അന്വേഷണത്തിൽ നിർണായക തെളിവായി മാറിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

