സംസ്ഥാനത്ത് ഭക്ഷ്യഭദ്രത പൂർണ്ണമായും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സപ്ലൈകോയുടെ നേതൃത്വത്തിലുള്ള സംഭരണ നടപടികൾ കൂടുതൽ ശക്തമാക്കുമെന്ന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി. 2021 ൽ നെല്ല് സംഭരണം 7.5 ലക്ഷം മെട്രിക് ടൺ ആയിരുന്നത് ഈ വർഷം അഞ്ച് ലക്ഷത്തി മുപ്പതിനായിരം മെട്രിക് ടണ്ണായി ചുരുങ്ങിയിട്ടുണ്ടെന്നും, ഈ പ്രവണതയ്ക്ക് ഉടൻ മാറ്റം വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വഴുതക്കാട് മൗണ്ട് കാർമൽ ഹാളിൽ സംഘടിപ്പിച്ച ലോക ഭക്ഷ്യ ദിനാഘോഷവും സപ്ലൈകോ ദിനാഘോഷവും ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിതരണ വകുപ്പിനെ കാലാനുസൃതമായി നവീകരിക്കുകയും ശാക്തീകരിക്കുകയും ചെയ്യുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
കേരളം ഇപ്പോൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന സപ്ലൈകോ സ്റ്റോറുകളുള്ള സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണ്. കൂടാതെ, ടൈഡ് ഓവർ വിഹിതം വർധിപ്പിക്കണമെന്നതുൾപ്പെടെയുള്ള സുപ്രധാന ആവശ്യങ്ങൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചിട്ടുണ്ട്.
സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന മുൻഗണനാ കാർഡുകൾ വിതരണം ചെയ്യുക, ആദിവാസി മേഖലകളിലേക്ക് സഞ്ചരിക്കുന്ന റേഷൻ കടകൾ വ്യാപിപ്പിക്കുക, അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ സ്റ്റോറുകൾ ആരംഭിക്കുക തുടങ്ങിയ എല്ലാ പ്രഖ്യാപനങ്ങളും വകുപ്പ് ഇതിനോടകം വിജയകരമായി പൂർത്തിയാക്കിയതായി മന്ത്രി വിശദീകരിച്ചു. ചടങ്ങിന്റെ ഭാഗമായി ‘സപ്ലൈകോയും ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസനലക്ഷ്യങ്ങളും’ എന്ന വിഷയത്തിലുള്ള പഠന റിപ്പോർട്ട് മന്ത്രി അനൂപ് ജേക്കബ് പ്രകാശനം ചെയ്തു.
ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് പുസ്തകം ഏറ്റുവാങ്ങി. തുടർന്ന്, 2025-26 കാലയളവിൽ മികച്ച സേവനം കാഴ്ചവെച്ച സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്കും വിവിധ ഓഫീസുകൾക്കുമുള്ള പുരസ്കാരങ്ങളും മന്ത്രി വിതരണം ചെയ്തു.
വഴുതക്കാട് നടന്ന ചടങ്ങിൽ മേയർ വി വി രാജേഷ്, കൗൺസിലർ രാഖി രവികുമാർ, സംസ്ഥാന ഭക്ഷ്യകമ്മിഷൻ ചെയർപേഴ്സൺ ഡോ. ജിനു സക്കറിയ ഉമ്മൻ, പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പ് കമ്മിഷണർ ഡോ.
കെ ഹരികുമാർ, സപ്ലൈകോ മാനേജിങ് ഡയറക്ടർ ജയകൃഷ്ണൻ, പട്ടിക ജാതി വികസന വകുപ്പ് ഡയറക്ടർ ഹിമ കെ, സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ സെക്രട്ടറി ആൻഡ് രജിസ്ട്രാർ സൂരജ് പി. ടി. തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

