പ്രമുഖ താരം ജയസൂര്യയെ കേന്ദ്രകഥാപാത്രമാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘മായൻ ചാപ്റ്റർ 1’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. പോലീസ് വേഷത്തിൽ, ഒരു സംഘട്ടനത്തിന് ശേഷം നിൽക്കുന്ന ഗൗരവകരമായ ലുക്കിലാണ് താരം പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
നടന്റെ കയ്യിൽ മുറിഞ്ഞുപോയ ഒരു കുരിശും, പിന്നിൽ ഇരുട്ടും ദുരൂഹതയും നിറഞ്ഞ അന്തരീക്ഷവുമാണ് പോസ്റ്ററിലുള്ളത്. ‘Beyond the Shadows’- നിഴലുകൾക്കപ്പുറം എന്ന ടാഗ്ലൈനുമായാണ് ചിത്രം എത്തുന്നത്.
വരുന്ന ഡിസംബർ 3ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സൂപ്പർ ഹിറ്റ് ചിത്രം ‘കളങ്കാവലിന്’ ശേഷം ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം, ‘ഓർഡിനറി’, ‘അനാർക്കലി’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നിർമ്മിച്ച രാജീവ് ഗോവിന്ദന്റെ നിർമ്മാണക്കമ്പനിയുടെ മൂന്നാമത്തെ സംരംഭമാണ്. റാഫിയും ജിതിൻ കെ ജോസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
നൈല ഉഷയാണ് ചിത്രത്തിൽ നായികാ വേഷം കൈകാര്യം ചെയ്യുന്നത്. വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിൻ ഗോപിനാഥ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ജയസൂര്യ ഒരു പോലീസ് ഓഫീസറായി വേഷമിടുന്ന ചിത്രം ഒരു മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണെന്ന സൂചനയാണ് നേരത്തെ പുറത്തുവന്ന ടൈറ്റിൽ വീഡിയോ നൽകിയത്. സാധാരണ മിസ്റ്ററി ത്രില്ലറുകളിൽ നിന്ന് വ്യത്യസ്തമായി രാജ്യാതിർത്തികൾക്കപ്പുറത്തേക്ക് നീളുന്ന ഒരു ദുരൂഹ ലോകത്തേക്കാണ് ചിത്രം പ്രേക്ഷകരെ കൊണ്ടുപോകുന്നത്.
നൂറ്റാണ്ടുകൾ പഴക്കമുള്ള ചില രഹസ്യ ആചാരങ്ങളും, ലോകത്തിന്റെ പല ഭാഗങ്ങളിലായി മറഞ്ഞിരിക്കുന്ന ശക്തികളും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ കഥയുടെ പശ്ചാത്തലം. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഫൈസൽ അലിയാണ്.
സംഗീതം ഒരുക്കിയിരിക്കുന്നത് മുജീബ് മജീദ്, എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് പ്രവീൺ പ്രഭാകർ എന്നിവരാണ്. പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ – സുനിൽ ദാസ്, ലൈൻ പ്രൊഡ്യൂസർ – രോഹിത് ആർ നായർ, കോസ്റ്റ്യൂം – സമീറ സനീഷ്, മേക്കപ്പ് – അമൽ ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ബോസ് വി, വരികൾ – രാജീവ് ഗോവിന്ദൻ, ജിതിൻ കെ ജോസ്, കോ – റൈറ്റർ – ശ്രീഖിൽ ശ്രീനിവാസൻ, സ്റ്റിൽസ് – സിനത് സേവ്യർ, പ്രോജക്ട് ഡിസൈനർ – ആൻ്റണി സ്റ്റീഫൻ, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

