അമേരിക്കയും പാകിസ്ഥാനും തമ്മിൽ സായുധ സംഘർഷമുണ്ടായാൽ ഇന്ത്യ പാകിസ്ഥാനൊപ്പം നിലകൊള്ളുമെന്ന രാജസ്ഥാൻ ബിജെപി അധ്യക്ഷൻ മദൻ റാത്തോഡ് നടത്തിയ പരാമർശം രാഷ്ട്രീയ കോലാഹലത്തിന് വഴിവെച്ചിരിക്കുകയാണ്. ജയ്പൂരിൽ സംഘടിപ്പിച്ച ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ വിവാദപരമായ പ്രസ്താവന പുറത്തുവന്നത്.
പാകിസ്ഥാൻ ഇന്ത്യയുടെ അയൽരാജ്യമാണെന്ന കാരണത്താൽ യുദ്ധസാധചര്യങ്ങളിൽ അയൽക്കാരായ അവർക്ക് പിന്തുണ നൽകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാൽ പരാമർശം വലിയ വിവാദമായതോടെ, താൻ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്ന് വിശദീകരണവുമായി മദൻ റാത്തോഡ് പിന്നീട് രംഗത്തെത്തി.
സംഭവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ വിവാദ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെയാണ്: “നാം എല്ലാവരും ഇത് മനസ്സിലാക്കേണ്ടതുണ്ട്. ഇന്ത്യയുടെ കാര്യം വരുമ്പോൾ… ഇന്ന് അമേരിക്കയും പാകിസ്ഥാനും തമ്മിൽ ഒരു യുദ്ധം ഉണ്ടായാൽ, നമ്മൾ പാകിസ്താനൊപ്പം നിൽക്കും, കാരണം അവർ നമ്മുടെ അയൽക്കാരാണ്… എന്നാൽ നമ്മൾ തമ്മിലുള്ള ഒരു പ്രശ്നമാകുമ്പോൾ, നമ്മൾ നമ്മുടെ ഇന്ത്യക്കൊപ്പം നിൽക്കും.
ശരിയല്ലേ? അതാണ് നമ്മൾ മനസ്സിലാക്കേണ്ടത്” ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസും ആം ആദ്മി പാർട്ടിയും (എഎപി) കടുത്ത വിമർശനവുമായി രംഗത്തെത്തി. മദൻ റാത്തോഡ് രാജ്യദ്രോഹിയാണ് ചെയ്തതെന്നാരോപിച്ച് കോൺഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ് ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്.
രാജ്യത്തെ സൈനികരെയും സാധാരണ ജനങ്ങളെയും നിരന്തരം വേട്ടയാടുന്ന തീവ്രവാദ രാജ്യമായ പാകിസ്ഥാനോട് ഭരണകക്ഷിക്കുള്ള ആന്തരിക സ്നേഹമാണ് ഈ പ്രസ്താവനയിലൂടെ വീണ്ടും പുറത്തുവന്നിരിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി. അമേരിക്കയും പാകിസ്ഥാനും തമ്മിൽ യുദ്ധമുണ്ടായാൽ പാകിസ്ഥാനെ പിന്തുണയ്ക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ഈ നേതാവിനെതിരെ ഭരണകൂടം എന്തു നടപടിയാണ് സ്വീകരിക്കുന്നതെന്ന് ഉറ്റുനോക്കുകയാണെന്നും അവർ വ്യക്തമാക്കി.
അതേസമയം, സാധാരണ ജനങ്ങൾ ന്യായമായ ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ അവരെ പാകിസ്ഥാനികളായി മുദ്രകുത്തുന്ന ഭരണാധികാരികൾ, തൊഴിലിനും അവകാശങ്ങൾക്കുമായി യുവാക്കൾ ശബ്ദമുയർത്തുമ്പോൾ അവരെ തീവ്രവാദികളായി ചിത്രീകരിക്കുന്നതായും എഎപി ആരോപിച്ചു. എന്നാൽ സ്വന്തം പാർട്ടിയിലെ ഒരു പ്രധാന നേതാവ് പാകിസ്ഥാനെ പിന്തുണച്ച് സംസാരിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യാജ ദേശീയത എങ്ങോട്ടാണ് അപ്രത്യക്ഷമാകുന്നതെന്ന് ആം ആദ്മി പാർട്ടി നേതാക്കൾ ചോദിച്ചു.
പാകിസ്ഥാനനുകൂലമായി പരസ്യ നിലപാടെടുത്ത ഈ ബിജെപി നേതാവ് രാജ്യദ്രോഹിയാണോ അല്ലയോ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

