പാകിസ്ഥാനും ചൈനയും തമ്മിൽ അതിർത്തി കമ്മീഷൻ യോഗം ചേർന്നെന്ന റിപ്പോർട്ടുകളിൽ കടുത്ത നിലപാടുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ചൈന – പാകിസ്ഥാൻ അതിർത്തി കമ്മീഷന് യാതൊരുവിധ നിയമസാധുതയുമില്ലെന്നാണ് ഇന്ത്യ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുള്ളത്.
ചൈനയും പാകിസ്ഥാനും തമ്മിൽ യഥാർത്ഥത്തിൽ അതിർത്തി പങ്കിടുന്നില്ലെന്നും, അതിനാൽ തന്നെ ഇരുകൂട്ടരും ചേർന്ന് ഇത്തരമൊരു കമ്മീഷൻ രൂപീകരിക്കുന്നതിന് നിയമപരമായ സാധുതയില്ലെന്നും മന്ത്രാലയം വിശദീകരിച്ചു. വിഷയത്തിൽ ഇന്ത്യയുടെ നിലപാട് എന്നും വ്യക്തവും സ്ഥിരവുമാണെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
ജമ്മു കശ്മീരും ലഡാക്കും ഉൾപ്പെടുന്ന മുഴുവൻ കേന്ദ്രഭരണ പ്രദേശങ്ങളും ഇന്ത്യയുടെ അവിഭാജ്യവും മാറ്റമില്ലാത്തതുമായ ഭാഗങ്ങളാണ്. രാജ്യത്തിന്റെ പരമാധികാര പരിധിയിൽ വരുന്നതും, എന്നാൽ പാകിസ്ഥാൻ അനധികൃതമായി കൈയേറി വെച്ചിരിക്കുന്നതുമായ പ്രദേശങ്ങളിൽ ഇത്തരം കരാറുകളോ മറ്റ് സംവിധാനങ്ങളോ ഏർപ്പെടുത്താൻ പാകിസ്ഥാന് യാതൊരുവിധ അവകാശവുമില്ലെന്ന് ഇന്ത്യ ഓർമ്മിപ്പിച്ചു.
1963-ലെ സൊകോൾഡ് ‘ചൈന-പാകിസ്ഥാൻ അതിർത്തി കരാർ’ ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും, അത് തികച്ചും നിയമവിരുദ്ധവും അസാധുവാണെന്നും രാജ്യം പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇന്ത്യൻ ഭൂപ്രദേശങ്ങളിലേക്ക് കടന്നുകയറി കൈയേറിയ ഇടങ്ങൾക്ക് അത്തരം നടപടികളിലൂടെ നിയമസാധുത നൽകാനോ, അവിടെ യാതൊരുവിധ മാറ്റങ്ങളും വരുത്താനോ ഉള്ള നീക്കങ്ങളെ ഇന്ത്യ ശക്തമായി എതിർക്കും.
ഇന്ത്യൻ പ്രദേശങ്ങളുമായി ബന്ധപ്പെട്ട് ചൈനയും പാകിസ്ഥാനും തമ്മിൽ നടത്തുന്ന ഇത്തരം സഹകരണങ്ങൾ പൂർണ്ണമായും അംഗീകരിക്കാനാവാത്തതാണെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു. ഇല്ലാത്ത അതിർത്തിയുടെ പേരിൽ അനധികൃത നാടകങ്ങൾ കളിക്കുന്നതിന് പകരം, പാകിസ്ഥാൻ തങ്ങളുടെ അധീനതയിലുള്ള ഇന്ത്യൻ പ്രദേശങ്ങളിൽ നിന്ന് ഉടൻ തന്നെ പിൻമാറുകയാണ് വേണ്ടതെന്നും ഇന്ത്യ ശക്തമായ ഭാഷയിൽ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

