കോഴിക്കോട് ജില്ലയിലെ ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷ കേസിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിലായി.
ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ എം.ഗിരീഷ്, ബ്രാഞ്ച് അംഗം സി.പി.ജലീൽ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. തുടർനടപടികളുടെ ഭാഗമായി ഇവരെ മെഡിക്കൽ കോളജ് പൊലീസ് സബ് ഡിവിഷൻ ഓഫിസിൽ എത്തിച്ചു.
മുക്കം സ്വദേശിയായ കോൺഗ്രസ് പ്രവർത്തകൻ സിറാജുദ്ദീൻ എന്നയാളെ സംഘം ചേർന്ന് ആക്രമിച്ചു പരുക്കേൽപ്പിച്ചെന്ന കേസിലാണ് ഈ നടപടി. ഈ കേസിൽ ഇനി മൂന്നു പേരെ കൂടി പിടികൂടാനുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
2024 നവംബർ 16നാണ് കേസിനാസ്പദമായ സംഭവങ്ങൾ അരങ്ങേറിയത്. ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വലിയ തോതിലുള്ള സംഘർഷമായിരുന്നു പ്രദേശത്ത് ഉണ്ടായത്.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാനായി അയ്യായിരത്തോളം വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ച് ആളുകളെ എത്തിച്ചതായും പൊലീസിന്റെ സഹായത്തോടെ തിരഞ്ഞെടുപ്പ് അട്ടിമറിച്ചതായും കോൺഗ്രസ് ആരോപിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പതിനഞ്ചോളം എഫ്.ഐ.ആറുകൾ റജിസ്റ്റർ ചെയ്തെങ്കിലും അന്വേഷണം കാര്യക്ഷമമായി മുന്നോട്ടുപോയില്ലെന്നായിരുന്നു കോൺഗ്രസിന്റെ പ്രധാന ആക്ഷേപം.
തുടർന്ന് നിയോഗിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് നിലവിൽ ഈ കേസിന്റെ അന്വേഷണ ചുമതല വഹിക്കുന്നത്.
കോഴിക്കോട് – വയനാട് റേഞ്ച് ക്രൈംബ്രാഞ്ച് എസ്പി പി.വിക്രമൻ നേതൃത്വം നൽകുന്ന ആറംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളായ അഞ്ചുപേർ നൽകിയിരുന്ന മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
ബാക്കിയുള്ള മൂന്നു പ്രതികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം, എതിർപക്ഷം അധികാരത്തിൽ എത്തിയതിനു പിന്നാലെ രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ചതാണ് ഈ കേസെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.മെഹ്ബൂബ് പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

