പത്തനംതിട്ട ജില്ലയിലെ പ്ലാന്റേഷൻ കോർപ്പറേഷന്റെ കൊടുമൺ എസ്റ്റേറ്റിൽ ഗുരുതരമായ ക്രമക്കേടുകൾ നടക്കുന്നതായി പരാതി.
ജോലിയേ ചെയ്യാത്ത ചില തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇൻസെന്റീവ് ഇനത്തിൽ ആയിരക്കണക്കിന് രൂപ എത്തുന്നതായാണ് പ്രധാന ആക്ഷേപം ഉയർന്നിരിക്കുന്നത്. ഒരു പ്രധാന ജീവനക്കാരന്റെ മൗനാനുവാദത്തോടും ഒത്താശയോടുമാണ് ഈ അനധികൃത നടപടികൾ അരങ്ങേറുന്നതെന്നും, സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തണമെന്നും ഐഎൻടിയുസി സംസ്ഥാന സമിതി അംഗം അങ്ങാടിക്കൽ വിജയകുമാർ ആവശ്യപ്പെട്ടു.
രാഷ്ട്രീയ സ്വാധീനത്തിന്റെ ബലത്തിലാണ് ഇത്തരം തട്ടിപ്പുകൾ കാലങ്ങളായി എസ്റ്റേറ്റിൽ നിർബാധം തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ, ശക്തമായ സുരക്ഷാ സംവിധാനങ്ങളുള്ള കൊടുമൺ ഗ്രൂപ്പ് ലാറ്റക്സ് ഫാക്ടറിയുടെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 600-ൽ പരം കിലോ സാമ്പിൾ സ്ക്രാപ്പ് റബ്ബർ ഒരു വർഷം മുൻപ് കാണാതായ സംഭവത്തിലും ദുരൂഹത തുടരുകയാണ്.
പേരിന് മാത്രം പൊലീസിൽ പരാതി നൽകിയതല്ലാതെ ഈ വിഷയത്തിൽ ഫലപ്രദമായ തുടർനടടപടികൾ ഒന്നും തന്നെ ഉണ്ടായില്ല. പൊലീസ് ഗൗരവമായ അന്വേഷണം ആരംഭിച്ച ഘട്ടത്തിൽ മാനേജ്മെന്റ് സ്വീകരിച്ച നിഷേധാത്മകവും മൗനവുമായ നിലപാടാണ് അന്വേഷണം വഴിമുട്ടാൻ കാരണമായത്.
അതിനാൽ, കൊടുമൺ എസ്റ്റേറ്റിന്റെ കഴിഞ്ഞ കാലത്തെ മുഴുവൻ പ്രവർത്തനങ്ങളും ഇടപാടുകളും സമഗ്രമായി പരിശോധിക്കാൻ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിക്കണമെന്നും അങ്ങാടിക്കൽ വിജയകുമാർ ശക്തമായി ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

