മലയാള ചലച്ചിത്ര രംഗത്ത് സവിശേഷമായ ഒരു തിരിച്ചുവരവുമായി പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി വീണ്ടും പാട്ടെഴുതുന്നു. ജഹാംഗീർ ഉമ്മർ സംവിധാനം ചെയ്യുന്ന ‘ധനുഷ്കോടിയിലേക്ക്’ എന്ന ചിത്രത്തിന് വേണ്ടിയാണ് അദ്ദേഹം ഗാനരചന നിർവഹിച്ചിരിക്കുന്നത്.
‘വരവായി.. വരവായി..
വസന്തോത്സവം വരവായി..’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇദ്ദേഹം രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് താരിഖ് ആണ്.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം സെപ്റ്റംബർ 25ന് തിയറ്ററുകളിലെത്തും. സിനിമയിലേക്കുള്ള ഈ മടങ്ങിവരവിനെക്കുറിച്ചും പുതിയ കാലത്തെ സംഗീത സംവിധാനരീതികളെക്കുറിച്ചും ശ്രീകുമാരൻ തമ്പി വ്യക്തമാക്കുന്നു.
“പഴയതുപോലെ പാട്ടുകൾ എഴുതാത്തത് എന്താണ് എന്ന് പലരും ചോദിക്കാറുണ്ട്. ഞങ്ങളുടെ കാലത്ത് പാട്ടുകള്‍ എഴുതിയ ശേഷം ഈണം പകരുമായിരുന്നു.
അപൂര്‍വമായി ഈണം നല്കിയ ശേഷം പാട്ടെഴുതുമായിരുന്നു. അങ്ങനെ എഴുതിയ പാട്ടുകള്‍ ഹിറ്റാണ്.
അവരുടെ ഈണങ്ങള്‍ സംഗീതവുമായി ഏറ്റവും അടുത്ത് നില്‍ക്കുന്നവയായിരുന്നു. ഇന്നത്തെ പല സംഗീത സംവിധായകരുടേയും ഈണങ്ങളോട് എനിക്ക് പൊരുത്തപ്പെടാൻ കഴിയുന്നില്ല.
ഞാൻ ഒരു സിനിമയ്ക്ക് പാട്ട് എഴുതണമെങ്കിൽ, ഇപ്പോഴത്തെ എന്റെ വ്യവസ്ഥ സംഗീത സംവിധായകരെ എനിക്ക് ഇഷ്ടപ്പെടണം. ആ ഈണം ഇഷ്ടപ്പെടണം.
സിനിമയുടെ കഥ എനിക്ക് ഇഷ്ടപ്പെടണം. അങ്ങനെ എന്റെ രീതികളുമായി പെരുത്തപ്പെടുന്ന സിനിമയാണ് ധനുഷ്കോടിയിലേക്ക്..അതാണ് പാട്ടെഴുതാൻ ഞാൻ തയ്യാറായത്.
സിനിമ നന്നായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിർമാതാവിന്റെ ആദ്യ സിനിമയാണ്.
കാണുക. പ്രോത്സാഹിപ്പിക്കുക” – അദ്ദേഹം പറഞ്ഞു.
ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ധനുഷ്കോടിയുടെ പശ്ചാത്തലത്തിലാണ് കഥ മുന്നോട്ട് പോകുന്നത്. സുധീർ കരമന, ലെന, നിസ്താർ അഹമ്മദ് സേട്ട്, അരുൺ, ആർദ്ര ഗോപകുമാർ, എം ആർ ഗോപകുമാർ, ദിനേശ് പണിക്കർ, പ്രേംകുമാർ, വി കെ ബൈജു, സിന്ധു വർമ്മ, റിയാസ് നെടുമങ്ങാട്, ജോബി, അരിസ്റ്റോ സുരേഷ്, വിതുര തങ്കച്ചൻ, പഞ്ചാപകേശൻ, ദീപക് ട്വിങ്കിൾ സനൽ, അഡ്വ ബാബുരാജ്, അനിൽ രാജ്, ആദർശ് ഷാനവാസ്, അൽഫിയ ഷാഫി, ഡോ.
അഞ്ജന രാജേഷ്, വൈഷ്ണവ്, ദേവ്ദത്ത് മനോഹരൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഗംഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് കനകരാജാണ്.
ഷാഫി റഷീദ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാകുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് അനൂപ് ആണ്. ശ്രീകുമാരൻ തമ്പിക്ക് പുറമെ പൂവത്തൂർ ചിത്രസേനൻ വിജു ശങ്കർ, ബിജു പുരുഷോത്തമൻ എന്നിവരും ചിത്രത്തിനായി വരികൾ എഴുതിയിരിക്കുന്നു.
ഡി ശിവപ്രസാദ്, എ കെ താരിഖ് എന്നിവർ ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. വിനീത് ശ്രീനിവാസൻ, മധു ബാലകൃഷ്ണൻ, വിധു പ്രതാപ്, നജീം അർഷാദ്, സിതാര കൃഷ്ണകുമാർ, ശ്രേയ ജയദീപ്, വർഷ എസ് നായർ തുടങ്ങിയ പ്രമുഖ ഗായകരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

