കേരളതീരത്ത് കർണാടക രജിസ്ട്രേഷനിലുള്ള ബോട്ട് അനുമതിയില്ലാതെ മത്സ്യബന്ധനം നടത്തിയതിനെ തുടർന്ന് ഫിഷറീസ് വകുപ്പ് പിടികൂടി. കാഞ്ഞങ്ങാട് മേഖലയിൽ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ കെ.ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘമാണ് ‘നൂർ ഇ ബഹർ’ എന്ന ബോട്ട് കസ്റ്റഡിയിലെടുത്തത്.
തുടർ നടപടികളുടെ ഭാഗമായി ബോട്ടിലുണ്ടായിരുന്ന മത്സ്യം ലേലം ചെയ്ത വകയിൽ 1.50 ലക്ഷം രൂപ ലഭിച്ചു. തുടർന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ സി.കെ.ഷൈനി നിയമനടപടികൾ സ്വീകരിക്കുകയും ബോട്ടിന് 2.50 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.
ലേലം തുകയും പിഴയും ഉൾപ്പെടെ ആകെ നാല് ലക്ഷം രൂപയാണ് സർക്കാരിലേക്ക് ഈടാക്കിയത്. പരിശോധനാ സംഘത്തിൽ സിവിൽ ഓഫിസർ അർജുൻ ബി.പൊതുവാൾ, സീ റെസ്ക്യൂ ഗാർഡുമാരായ അഷ്ഫാഖ് അലി, രാജേഷ്, ഹാർബർ ഗാർഡുമാരായ ശിവകുമാർ, ധനീഷ് എന്നിവരും ഉൾപ്പെട്ടിരുന്നു.
കടലിൽ സമാനമായ നിയമലംഘനങ്ങൾ തടയുന്നതിനായി വരും ദിവസങ്ങളിലും കർശന പരിശോധനയും പട്രോളിങ്ങും ശക്തമായി തുടരുമെന്നും അനധികൃതമായി മത്സ്യബന്ധനം നടത്തുന്ന യാനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

