കൊച്ചിയിലും ആലപ്പുഴയിലുമായി ഏറെ ചർച്ച ചെയ്യപ്പെട്ട കരുവാറ്റ വയോധികന്റെ കൊലപാതക കേസിൽ നിർണ്ണായകമായ ഹൈക്കോടതി ഉത്തരവ് പുറത്തുവന്നു.
കുറ്റകൃത്യത്തിൽ പങ്കാളികളായ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ തെളിവു ശേഖരണത്തിനായി കൊണ്ടുപോകാൻ പൊലീസിന് അനുമതി നൽകിക്കൊണ്ടുള്ള ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവാണ് ജസ്റ്റിസ് ജി. ഗിരീഷ് അദ്ധ്യക്ഷനായ ബെഞ്ച് ശരിവച്ചത്.
സാധാരണയായി പ്രായപൂർത്തിയാകാത്തവരെ ഇത്തരത്തിൽ തെളിവെടുപ്പിന് കൊണ്ടുപോകാറില്ലെങ്കിലും, കേസിന്റെ ഗൗരവവും മുഴുവൻ പ്രതികളും കുട്ടികളാണെന്ന അപൂർവതയും കണക്കിലെടുത്താണ് മൂന്നംഗ ബോർഡ് അസാധാരണ നടപടി സ്വീകരിച്ചിരുന്നത്. ഈ ഉത്തരവിനെതിരെ കുറ്റാരോപിതർ ഹൈക്കോടതിയിൽ നൽകിയ ഹർജിയാണ് ഇപ്പോൾ തള്ളിയിരിക്കുന്നത്.
തെളിവെടുപ്പിനായി കുട്ടികളെ കൊണ്ടുപോകുന്നത് പൊലീസ് കസ്റ്റഡിക്ക് തുല്യമാണെന്നും, ഇത് ബാലനീതി നിയമത്തിനും ചട്ടങ്ങൾക്കും എതിാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദങ്ങൾ കോടതി തള്ളിക്കളഞ്ഞു. കുട്ടികൾക്ക് മാനസിക സമ്മർദ്ദമോ അപമാനമോ ഉണ്ടാകാത്ത വിധം മുൻകരുതലുകൾ സ്വീകരിക്കാൻ ജുവനൈൽ ബോർഡിന്റെ ഉത്തരവിൽ കൃത്യമായി നിർദ്ദേശിച്ചിട്ടുണ്ടെന്നും കോടതി വിലയിരുത്തി.
കഴിഞ്ഞ മാസം 15ന് രാത്രിയാണ് കരുവാറ്റയിലെ വാടക വീട്ടിൽ വയോധികനെ കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്.
വയോധികന്റെ കൊച്ചുമകളായ പതിമൂന്നുകാരിയുടെ ആസൂത്രണത്തിൽ, സുഹൃത്ത് ഉൾപ്പെടെ 3 കൗമാരക്കാർ ചേർന്നാണ് കൊലപാതകം നടത്തിയത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കുട്ടികളെ തെളിവെടുപ്പിന് കൊണ്ടുപോകുമ്പോൾ പാലിക്കേണ്ട
കർശനമായ 13 നിബന്ധനകൾ ജുവനൈൽ ബോർഡ് മുന്നോട്ടുവെച്ചിരുന്നു. തെളിവെടുപ്പിന്റെ തീയതിയും സമയവും മുൻകൂട്ടി പുറത്തുവിടരുതെന്നും ഇതിൽ കർശന നിർദ്ദേശമുണ്ടായിരുന്നു.
തെളിവ് ശേഖരണം രഹസ്യമായിരിക്കണം എന്ന് നിയമം നിഷ്കർഷിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, കുറ്റാരോപിതരെ ജനം തിരിച്ചറിയുമെന്ന വാദവും അംഗീകരിച്ചില്ല. പ്രായം കുട്ടിയാണെന്നതുകൊണ്ട് അന്വേഷണം ബാലനീതി നിയമം തടയുന്നില്ലെന്നും, എന്നാൽ അന്വേഷണത്തിലെ സമീപനം സംബന്ധിച്ചാണ് നിയമത്തിൽ വ്യവസ്ഥകളുള്ളതെന്നും കോടതി വ്യക്തമാക്കി.
16 – 18 വയസ്സിനിടയിലുള്ളവർ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുമ്പോൾ അവരുടെ ശാരീരിക, മാനസികാവസ്ഥകൾ ബോർഡ് പ്രാഥമികമായി പരിശോധിക്കണമെന്നത് ബാലനീതി നിയമം അനുവദിക്കുന്നുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു. ഈ ഹൈക്കോടതി വിധി ഒരേസമയം പൊലീസിന് വലിയ ആശ്വാസവും, ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ അസാധാരണ നടപടിക്ക് ലഭിച്ച അംഗീകാരവുമാണ്.
ഭാവിയിൽ സമാന സ്വഭാവമുള്ള കേസുകളിൽ തീരുമാനമെടുക്കാൻ ഈ വിധി ഒരു ദിശാസൂചികയായി മാറുമെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ. പ്രായപൂർത്തിയാകാത്തവരെ ഇതിനു മുൻപ് കസ്റ്റഡിയിൽ വിട്ടിട്ടില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം.
എന്നാൽ എല്ലാ പ്രതികളും കുട്ടികളാകുമ്പോൾ തെളിവെടുപ്പ് പ്രതിസന്ധിയിലാകുമെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.
മനു കല്ലമ്പള്ളി ഉയർത്തിയ ഈ വാദമുഖങ്ങൾ അംഗീകരിച്ചാണ് ജുവനൈൽ ബോർഡ് അനുമതി നൽകിയത്. പ്രിൻസിപ്പൽ മജിസ്ട്രേട്ട് സിൻസി ജേക്കബ്, ബോർഡ് അംഗങ്ങളായ ഡോ.
സജി മാത്യു, കെ.ആർ. ശ്രീലേഖ എന്നിവരടങ്ങുന്ന സമിതിയാണ് ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
അടച്ചിട്ട വീട്ടിൽ അർധരാത്രിയിൽ നടന്ന, സാക്ഷികളില്ലാത്ത കൊലപാതകത്തിൽ തെളിവെടുപ്പ് ഒഴിവായാൽ കേസ് തന്നെ ദുർബലമാകുമായിരുന്നു എന്നതിനാൽ അന്വേഷണ സംഘത്തിനും ഹൈക്കോടതി വിധി വലിയ ആശ്വാസമാണ് നൽകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

