പുണ്യനഗരമായ മക്കയെ ലക്ഷ്യമിട്ട് ഹൂതി വിമതരുടെ ആക്രമണ ശ്രമം നടന്നതായി സൗദി അറേബ്യ ഔദ്യോഗികമായി അറിയിച്ചു. ബുധനാഴ്ചയാണ് മക്ക ലക്ഷ്യമിട്ട് ഹൂതികൾ ഡ്രോൺ വിക്ഷേപിച്ചത്.
എന്നാൽ ഈ ആക്രമണ ശ്രമം സൗദി വ്യോമ പ്രതിരോധ സേന വിജയകരമായി തകർത്തുവെന്ന് സൗദി സഖ്യസേന വക്താവ് തുർക്കി അൽ മാൽക്കി വ്യക്തമാക്കി. മക്ക, ജിദ്ദ, തയ്ഫ് തുടങ്ങിയ സൗദിയുടെ പടിഞ്ഞാറൻ തീരപ്രദേശങ്ങളിലാണ് പ്രധാനമായും ആക്രമണശ്രമങ്ങൾ ഉണ്ടായത്.
ഈ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ മക്കയിൽ പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് മക്കയിൽ ഇത്തരത്തിൽ ഒരു വ്യോമാക്രമണ ഭീഷണി അലർട്ട് നിലവിൽ വരുന്നത്.
വിശുദ്ധ നഗരത്തിന് നേരെയുണ്ടായ ഈ നീക്കം മുസ്ലിം രാജ്യങ്ങൾക്കിടയിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇതോടെ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമായിരിക്കുകയാണ്.
എന്നാൽ സൗദിയുടെ ഭാഗത്തുനിന്നുള്ള ഈ ആരോപണങ്ങൾ ഹൂതികൾ പൂർണ്ണമായും നിഷേധിച്ചു. ‘മക്കയെ ആക്രമിച്ചെന്ന ആരോപണം തെറ്റാണ്.
ഇത്തരം നുണകൾ നേരത്തെയും പടച്ചുവിട്ടിട്ടുണ്ട്. ഇനിയും ആരെയും വിഡ്ഡികളാക്കാനാവില്ല.’ – ഹൂതി പൊളിറ്റ് ബ്യൂറോ അംഗം ഹാസെം അൽ ആസാദ് എക്സിൽ കുറിച്ചു.
മേഖലയിലെ സംഘർഷം അതിതീവ്രമായതോടെ സൗദിയിലെ മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽഅസീസ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളും തടസ്സപ്പെടുകയുണ്ടായി. യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതികൾ സൗദി അറേബ്യയിലെ അതിർത്തി നഗരങ്ങളിൽ നിരന്തരം ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ അമേരിക്കൻ പൗരന്മാർക്ക് കർശനമായ യാത്രാ മുന്നറിയിപ്പുമായി യുഎസും രംഗത്തുവന്നിട്ടുണ്ട്.
സൗദിയിലേക്ക് യാത്ര നടത്തുന്നതിനെക്കുറിച്ച് പൗരന്മാർ പുനരാലോചിക്കണമെന്നാണ് മുന്നറിയിപ്പിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സൗദിയിൽ ഹൂതി വിമതർ കഴിഞ്ഞ ദിവസം നടത്തിയ രൂക്ഷമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഇന്നലെ 13 പേർക്ക് പരുക്കേറ്റിരുന്നു.
യെമൻ അതിർത്തിയോടുചേർന്ന ഖാമിസ് മുസ്ഹായിത്, അബാഹ്, തായിഫ് എന്നീ നഗരങ്ങളിൽ 7 വീടുകളും 2 വാഹനങ്ങളും തകർന്നു. സൗദിയുടെ ചെങ്കടലിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ യാൻബു തുറമുഖത്തും വ്യോമാക്രമണ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിനുപുറമേ ജിദ്ദ, ജസൻ, അൽ ഉല എന്നീ നഗരങ്ങളിലും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചെങ്കടലിലെ സുരക്ഷാപ്രശ്നങ്ങളിൽ സഖ്യകക്ഷികളുടെ പിന്തുണ തേടിയ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഈജിപ്ത് സന്ദർശിക്കുകയും പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസിയുമായി ചർച്ചകൾ നടത്തുകയും ചെയ്തു.
സൗദിക്കുനേരെ ഹൂതികൾ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളിൽ ഇന്ത്യയും തങ്ങളുടെ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ, ഹോർമുസിൽ ഒമാൻ തീരത്തു ചരക്കുകപ്പലിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ കപ്പലിന്റെ എൻജിൻ റൂമിൽ തീപിടുത്തമുണ്ടായി.
സംഭവത്തിൽ 2 നാവികരെ കാണാതാവുകയും, 23 ജീവനക്കാരെ ഒമാൻ തീരസേന സുരക്ഷിതമായി രക്ഷപ്പെടുത്തുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

