മതിയായ വീതിയോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെയുള്ള രണ്ടുവരിപ്പാതയിൽ ടോൾ പിരിവിനൊരുങ്ങി ദേശീയപാത അതോറിറ്റി. പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ മൈലംപുള്ളിയിൽ ടോൾ ബൂത്തിന്റെ നിർമാണം അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
നിലവിലുണ്ടായിരുന്ന സ്ഥലം പരമാവധി ഉപയോഗപ്പെടുത്തിയും ചിലയിടങ്ങളിൽ ഭൂമി ഏറ്റെടുത്തുകൊണ്ടുമാണ് റോഡ് നവീകരിച്ചത്. എന്നാൽ മറ്റു ദേശീയപാതകൾക്ക് സമാനമായി നാലുവരിപ്പാതയായോ മീഡിയൻ നിർമിച്ചോ റോഡ് വികസിപ്പിച്ചിട്ടില്ല.
അതിനാൽ തന്നെ വേഗത്തിൽ വാഹനങ്ങൾ ഓടിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. റോഡിന്റെ നവീകരണ പ്രവൃത്തികൾ പൂർത്തിയായെങ്കിലും സ്ഥിരം അപകടമേഖലകൾ ഇപ്പോഴും അതേപടി തുടരുന്നുണ്ട്.
അഴുക്കുചാലുകളുടെ നിർമാണവും പ്രധാന ജംക്ഷനുകളിലെ സുരക്ഷാ ക്രമീകരണങ്ങളും അപൂർണ്ണമാണ്. ഇതിനിടയിലാണ് ടോൾ പിരിവ് ആരംഭിക്കാനുള്ള നീക്കം അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടാകുന്നത്.
“വീടിന്റെ മുൻപിൽ തന്നെ ടോൾ ബൂത്ത് വന്നത് വലിയ പ്രയാസമാണ്. വീടിിൽ നിന്നു പുറത്തുപോകാനുൾപ്പെടെ ബുദ്ധിമുട്ടായി.
വീതിയില്ലാത്ത ഇവിടെ ടോൾ ബൂത്ത് സ്ഥാപിക്കരുതെന്ന് പരാതി നൽകിയിട്ടും ഒരു നടപടിയുമുണ്ടായില്ല.” എന്ന് പ്രദേശവാസിയായ പുഷ്പലത വ്യക്തമാക്കുന്നു. ചെർപ്പുളശ്ശേരി റൂട്ടിലെ പൊരിയാനിയിൽ ടോൾ ബൂത്ത് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് ഇത് മൈലംപുള്ളിയിലേക്ക് മാറ്റിയത്.
ഫാബ്രിക്കേഷൻ പ്രവൃത്തികൾ പുരോഗമിക്കുന്ന ടവറുകളുടെ നിർമാണം മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് കരാറുകാരുടെ വിശദീകരണം. എന്നാൽ ജനവാസ മേഖലയിലും ആരാധനാലയങ്ങൾക്കും സമീപം ടോൾ ബൂത്ത് വരുന്നത് പ്രദേശത്ത് കനത്ത ഗതാഗതക്കുരുക്കിന് വഴിവെക്കുമെന്നും നാട്ടുകാർ ആശങ്കപ്പെടുന്നു.
“ആരാധനാലയങ്ങളും വീടുകളും ഉള്ള ഇവിടെത്തന്നെ ടോൾ ബൂത്ത് സ്ഥാപിച്ചത് നാട്ടുകാരെ ദ്രോഹിക്കുന്നതിനു തുല്യമാണ്. ജനവാസമില്ലാത്ത സ്ഥലങ്ങൾ നിർദേശിച്ചിട്ടും അധികൃതർ കേട്ടഭാവം നടിച്ചില്ല.” എന്ന് പ്രദേശവാസിയായ സൂസൻ ജോർജ് കുര്യൻ പറഞ്ഞു.
ഈ റൂട്ടിലെ പനയംപാടം വളവ്, തച്ചമ്പാറ എടായിക്കൽ വളവ്, ചൂരിയോട് തുടങ്ങിയ അപകടമേഖലകളിൽ ഇപ്പോഴും സ്ഥിതിഗതികൾ ഗുരുതരമായി തുടരുന്നു. 1.8 കോടി രൂപയുടെ നവീകരണ പദ്ധതിയുണ്ടായിരുന്ന പനയംപാടം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും, ചിറയ്ക്കൽപടി, കല്ലടിക്കോട്, തച്ചമ്പാറ എന്നിവിടങ്ങളിലും കൃത്യമായ പാർക്കിങ് സംവിധാനങ്ങളോ സുരക്ഷാ ക്രമീകരണങ്ങളോ ഏർപ്പെടുത്തിയിട്ടില്ല.
കൂടാതെ, കരിമ്പ, പള്ളിപ്പടി എന്നിവിടങ്ങളിലെ പ്രധാന കവലകളിൽ നിന്ന് മാറി ബസ് ബേ സ്ഥാപിച്ചത് യാത്രക്കാരെയും വലയ്ക്കുന്നുണ്ട്. പഴയ സ്ഥലത്തുനിന്നു തന്നെ യാത്രക്കാർ ബസ് കയറേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോഴുമുള്ളത്.
ടോൾ ബൂത്ത് നിർമിക്കുന്നതിന്റെ ഇരുവശങ്ങളിലുമുള്ള വീടുകളിലെ താമസക്കാർ ഉൾപ്പെടെയുള്ളവർ കടുത്ത ദുരിതത്തിലാണ്. വീതി കുറഞ്ഞ രണ്ടുവരിപ്പാതയായ ഇവിടെ സർവീസ് റോഡുകളുടെ ലഭ്യതയുമില്ല.
ടോൾ നൽകാതെ കടന്നുപോകാനുള്ള ഇതര വഴികൾ സജ്ജമാക്കുമ്പോൾ ഈ ഇടുങ്ങിയ പ്രദേശത്ത് വൻ ഗതാഗതക്കുരുക്ക് രൂപപ്പെടുമെന്ന് ഓട്ടോ ഡ്രൈവർമാരായ എം.എച്ച്.അഷ്റഫ്, സി.യു.സലീം, കെ.രാജൻ തുടങ്ങിയവർ ചൂണ്ടിക്കാണിക്കുന്നു. ജനവാസ മേഖലയായതിനാൽ കാൽനടയാത്രക്കാർക്ക് ആവശ്യമായ സുരക്ഷയും സൗകര്യങ്ങളും എങ്ങനെ ഉറപ്പാക്കുമെന്ന ചോദ്യവും നാട്ടുകാർ ഉന്നയിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

