യാത്രാവേളകളിൽ മുൻകൂറായി കൂടുതൽ തുക ഈടാക്കുന്ന രീതി തുടർന്നതിന് പ്രമുഖ റൈഡ്-ഹെയ്ലിംഗ് പ്ലാറ്റ്ഫോമായ റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴയിട്ട് സെൻട്രൽ കണ്സ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CCPA). ഇന്ത്യയിലെ ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര സർക്കാർ രൂപീകരിച്ച പരമോന്നത നിയന്ത്രണ ബോഡിയാണ് ഇത്.
യാത്രക്കാരനിൽ നിന്നും അനധികൃതമായി അധിക തുക ഈടക്കാൻ ആപ്പിൽ പ്രത്യേക സംവിധാനം സജ്ജീകരിച്ചിരിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ കടുത്ത നടപടി. അനാവശ്യ പ്രീ-റൈഡ് ടിപ്പിംഗ് (Pre-ride Tipping), ഡൈനാമിക് പ്രൈസിംഗ് (Dynamic Pricing) തുടങ്ങിയ അനുചിതമായ രീതികൾക്കെതിരെയാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA) കർശന നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
‘ഗൈഡ്ലൈൻസ് ഫോർ പ്രിവൻഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഡാർക്ക് പാറ്റേൺസ്, 2023’ പ്രകാരം കൃത്യമായ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് സിസിപിഎ നേരത്തെ ഒലാ, യൂബർ, റാപ്പിഡോ, നമ്മ യാത്രി എന്നീ പ്ലാറ്റ്ഫോമുകൾക്ക് നോട്ടീസ് അയച്ചിരുന്നു. യാത്ര ബുക്ക് ചെയ്യുമ്പോൾ ടിപ്പ് നൽകാൻ ആവശ്യപ്പെടുന്ന രീതി ആപ്പുകൾ ഒഴിവാക്കണമെന്ന് ഗതാഗത മന്ത്രാലയവും ഇതിനോടകം കർശന നിർദ്ദേശം നൽകിയിരുന്നു.
റാപ്പിഡോ ആപ്പിൽ കണ്ടെത്തിയ പ്രധാന നിയമലംഘനങ്ങൾ താഴെ പറയുന്നവയാണ്: കൺഫേം ഷെയിമിംഗ് (Confirm Shaming): യാത്ര ബുക്ക് ചെയ്യുന്ന വേളയിൽ കൂടുതൽ തുക നൽകാൻ തയ്യാറായില്ലെങ്കിൽ റൈഡ് ലഭിക്കില്ലെന്ന രീതിയിലുള്ള അരക്ഷിതാവസ്ഥ ഉപഭോക്താക്കളിൽ സൃഷ്ടിക്കുന്ന തന്ത്രമാണിത്. ഉയർന്ന തുക നൽകിയാൽ വാഹനം ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്ന് കാണിച്ച് ഉപഭോക്താക്കളെ കമ്പനി മാനസികമായി പ്രേരിപ്പിച്ചിരുന്നു.
ഇന്റർഫേസ് ഇന്റർഫെറൻസ് (Interface Interference): റാപ്പിഡോയുടെ “സെറ്റ് യുവർ പ്രൈസ്” (Set your price) സ്ലൈഡറിൽ കളർ-കോഡിംഗ് ഉപയോഗിച്ച് ഉപഭോക്താക്കളുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നതായി സിസിപിഎ കണ്ടെത്തി. നിരക്ക് ഉയർത്തി നൽകുമ്പോൾ ‘റൈഡ് ലഭിക്കാൻ ഉയർന്ന സാധ്യത’ എന്ന് പച്ച നിറത്തിലും, കുറഞ്ഞ നിരക്ക് രേഖപ്പെടുത്തുമ്പോൾ ചുവപ്പ് അല്ലെങ്കിൽ ഓറഞ്ച് നിറത്തിലുള്ള മുന്നറിയിപ്പുകളും നൽകി.
കൂടാതെ, നിരക്ക് വർദ്ധിപ്പിക്കുന്നതിന് കൂടുതൽ സൗകര്യവും നിരക്ക് കുറയ്ക്കുന്നതിന് പരിമിതമായ സൗകര്യവുമാണ് ആപ്പ് ഇന്റർഫേസിൽ ഒരുക്കിയിരുന്നത്. ടിപ്പിംഗ് രീതിയിലെ ക്രമക്കേടുകൾ: സേവനം പൂർത്തിയായ ശേഷമാണ് സാധാരണയായി ഉപഭോക്താക്കൾ ടിപ്പ് നൽകാറുള്ളതെന്നും, അത് സേവനം ലഭ്യമാക്കുന്നതിനുള്ള ഒരു ഉപാധിയായി ഉപയോഗിക്കാൻ പാടില്ലെന്നും അതോറിറ്റി വ്യക്തമാക്കി.
മോട്ടോർ വെഹിക്കിൾ ആഗ്രിഗേറ്റർ ഗൈഡ്ലൈൻസ്, 2025 പ്രകാരം ടിപ്പ് നൽകാനുള്ള സൗകര്യം യാത്രാ ബുക്കിംഗ് സമയത്തോ യാത്രയിലോ അല്ല, മറിച്ച് റൈഡ് പൂർത്തിയായ ശേഷം മാത്രമേ നൽകാവൂ എന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. എന്നാൽ, ടിപ്പ് നൽകുന്നത് ഉപഭോക്താക്കളുടെ തികച്ചും വ്യക്തിപരമായ തീരുമാനമാണെന്നും, ഡ്രൈവർമാരെ കണ്ടെത്തുന്ന ആൽഗോരിതത്തെ ഇത് ബാധിക്കില്ലെന്നുമാണ് റാപ്പിഡോയുടെ വിശദീകരണം.
നേരിട്ടുള്ള വിലപേശലുകൾക്ക് സമാനമാണ് ആപ്പിലെ ഈ സന്ദേശങ്ങളെന്നും കമ്പനി വാദിച്ചു. എങ്കിലും, ഈ വാദങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞാണ് സിസിപിഎ പിഴ ചുമത്തിയിരിക്കുന്നത്.
സമാനമായ രീതിയിൽ യൂബർ (Uber), ഒലാ (Ola) എന്നീ റൈഡ് ആപ്പുകൾക്കെതിരെയുള്ള അന്വേഷണങ്ങളും ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് സിസിപിഎ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

