യൂട്യൂബിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ശ്രദ്ധേയയായകെ കെ തംബുരുവിനെ(36) വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ചേമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശിനിയായ തംബുരുവിനെ പുളിഞ്ചുവടിലെ വാടകവീട്ടിലാണ് തിങ്കളാഴ്ച ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വൈകുന്നേരം സ്കൂൾ വിട്ടെത്തിയ 13 വയസ്സുള്ള മകളാണ് വീടിനുള്ളിൽ തംബുരുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ വൈക്കം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കാട്ടിക്കുന്നിലെ തറവാട് വീട്ടിലെത്തിച്ച് സംസ്കരിച്ചു. ചെളിയിലും കല്ലിടുക്കുകളിലും കൈകൾകൊണ്ട് തപ്പി മീൻപിടിക്കുന്ന വ്യത്യസ്തമായ വീഡിയോകളിലൂടെയാണ് തംബുരു കേരളത്തിൽ അറിയപ്പെടുന്ന മുഖമായി മാറിയത്.
തലമുറകളായി കുടുംബത്തിൽ തുടർന്നുപോന്ന പരമ്പരാഗത മത്സ്യബന്ധന രീതിയായിരുന്നു ഇവരുടെ മുഖമുദ്ര. പത്താംക്ലാസ് പഠനത്തിനുശേഷം അമ്മയ്ക്കൊപ്പം മീൻപിടത്തത്തിനിറങ്ങിയ അവർ, ആ വരുമാനം ഉപയോഗിച്ചാണ് ഇളയ സഹോദരങ്ങളുടെ പഠനം പൂർത്തിയാക്കിയത്.
കുടുംബത്തിന്റെ ചിലവുകൾക്കായി തൊഴിലുറപ്പ് ജോലി, ഡ്രൈവിങ് സ്കൂൾ ജോലി, വസ്ത്ര നിർമാണ യൂണിറ്റിലെ ജോലി എന്നിവയെല്ലാം ചെയ്തിരുന്നെങ്കിലും പരമ്പരാഗത മീൻപിടിത്തം തംബുരു ഉപേക്ഷിച്ചിരുന്നില്ല. വേലിയേറ്റ സമയത്ത് വഞ്ചിയിൽ കായലിലിറങ്ങി വലയോ ചൂണ്ടയോ ഇല്ലാതെ കൈകൾകൊണ്ട് മാത്രം ചെളിയിലും കല്ലിടുക്കുകളിലും തിരഞ്ഞ് മീൻപിടിക്കുന്നതായിരുന്നു ഇവരുടെ രീതി.
‘തംബുരു ക്വീൻ ഫിഷർ’ എന്ന യൂട്യൂബ് ചാനലിലൂടെയും സമൂഹമാധ്യമ പേജിലൂടെയും ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയൊരു ആരാധകവൃന്ദത്തെയാണ് തംബുരു സ്വന്തമാക്കിയത്. കൈകൾകൊണ്ട് മീൻപിടിക്കുന്നതിന്റെ ആദ്യ വീഡിയോ പങ്കുവെച്ചപ്പോൾ തന്നെ 90 ലക്ഷത്തിലധികം ആളുകളാണ് അത് കണ്ടത്.
ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു ഇവർ. വ്യക്തിജീവിതത്തിൽ ചില അപവാദപ്രചാരണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും സ്വന്തം തൊഴിലുമായി മുന്നോട്ടുപോവുകയായിരുന്നു തംബുരു.
പരമ്പരാഗത മത്സ്യബന്ധന രീതിയെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചാണ് ഈ യുവതി വിടവാങ്ങിയിരിക്കുന്നത്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.
അത്തരം ചിന്തകളുള്ളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

