ചലച്ചിത്ര നിര്‍മ്മാണ മേഖലയിലെ തിരിച്ചടികളെ തുടര്‍ന്ന് സാമ്പത്തിക ഞെരുക്കത്തിലായ സംവിധായകന് ട്രെയിനുകളില്‍ മോഷണം നടത്തിവന്ന കേസില്‍ അറസ്റ്റില്‍. പാലക്കാട് കരിമ്പ സ്വദേശി ആറോണി വീട്ടില്‍ കാജാഹുസൈന്‍ (46) ആണ് ഷൊര്‍ണൂര്‍ റെയില്‍വേ പോലീസിന്റെ പിടിയിലായത്.
‘കള്ളന്മാരുടെ വീട്’ എന്ന സിനിമ സംവിധാനം ചെയ്ത ഇയാള്‍, ചിത്രത്തിന് സാമ്പത്തികമായി വലിയ പരാജയം നേരിട്ടതോടെയാണ് കുറ്റകൃത്യങ്ങളിലേക്ക് തിരിഞ്ഞതെന്ന് പോലീസിനോട് വ്യക്തമാക്കി. തീവണ്ടികളില്‍ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധ തിരിച്ചുവിട്ട് ലാപ്ടോപ്പുകളും വിലകൂടിയ മൊബൈല്‍ ഫോണുകളും കവര്‍ച്ച ചെയ്യുന്നതില്‍ വിദഗ്ധനാണ് ഇയാളെന്ന് പോലീസ് അറിയിച്ചു.
മണ്ണാര്‍ക്കാട് പൊറ്റശേരി സ്വദേശിനിയായ യുവതിയുടെ ഏകദേശം 80,000 രൂപ വിലമതിക്കുന്ന പുതിയ സ്മാര്‍ട്ട്ഫോണ്‍ ട്രെയിനില്‍ വെച്ച് കവര്‍ന്ന സംഭവത്തില്‍ നടത്തിയ അന്വേഷണമാണ് വഴിതിരിവായത്. സ്റ്റേഷനുകളിലെയും ട്രെയിനുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
മാന്യമായ വേഷവിധാനങ്ങളോടെ ട്രെയിനുകളില്‍ യാത്ര ചെയ്തിരുന്ന ഇയാള്‍, യാത്രക്കാരുടെ ശ്രദ്ധ മറ്റ് കാര്യങ്ങളിലേക്ക് തിരിയുന്ന തക്കം നോക്കിയാണ് തന്ത്രപരമായി ഉപകരണങ്ങള്‍ മോഷ്ടിച്ചിരുന്നത്. സെക്കന്‍ഡ് ഹാന്‍ഡ് വസ്തുക്കളുടെ വില്‍പ്പന ഇടനിലക്കാരനാണെന്ന് തെറ്റിധരിപ്പിച്ചാണ് ഇയാള്‍ ഇത്തരത്തില്‍ കൈക്കലാക്കിയ സാധനങ്ങള്‍ വിവിധ കടകളില്‍ വില്‍പ്പന നടത്തിയിരുന്നത്.
ജോലിയുടെ ഭാഗമായി സ്ഥിരമായി തീവണ്ടികളില്‍ യാത്ര ചെയ്തിരുന്ന ഇയാള്‍, ചുറ്റുപാടുകള്‍ നിരീക്ഷിച്ച ശേഷം കൃത്യമായ ആസൂത്രണത്തോടെയാണ് കവര്‍ച്ചകള്‍ നടത്തിയിരുന്നത്. പോലീസിന്റെ കണ്ണുവെട്ടിക്കുന്നതിനായി ഇടയ്ക്കിടെ താടി വടിച്ച് രൂപത്തില്‍ മാറ്റങ്ങള്‍ വരുത്താനും ഇയാള്‍ ശ്രദ്ധിച്ചിരുന്നു.
മോഷണത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ച് സ്വന്തമായി ഒരു കഫെറ്റീരിയ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പ്രതി. ഷൊര്‍ണൂര്‍ റെയില്‍വേ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിലെയും കോഴിക്കോട് മേഖലയില്‍ നടന്ന വിവിധ കവര്‍ച്ചകളിലെയും തൊണ്ടിമുതലുകളായ അഞ്ച് ലാപ്ടോപ്പുകളും നിരവധി മൊബൈല്‍ ഫോണുകളും പോലീസ് കണ്ടെടുത്തു.
ഷൊര്‍ണൂര്‍ റെയില്‍വേ പോലീസ് എസ്.എച്ച്.ഒ. അനില്‍ മാത്യു, എസ്.ഐമാരായ ഹരിദാസന്, മണികണ്ഠന്, എസ്.സി.പി.ഒമാരായ സുരേഷ്, സജിത്ത്, നിഷാദ്, ശശിനാരായണന്‍, ഇന്റലിജന്‍സ് എ.എസ്.ഐ സുരേഷ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

