മുൻ മന്ത്രിയുടെ നിർദേശപ്രകാരം എത്തിച്ച 1.2 കോടി രൂപ ദുബായിലേക്ക് ഹവാല വഴി കടത്തിയതായി അദ്ദേഹത്തിന്റെ സുഹൃത്ത് കെ.വാരിസ് നൽകിയ മൊഴി ശരിവയ്ക്കുന്ന വാട്സാപ് ചാറ്റുകൾ കണ്ടെത്തിയതായി ഡിജിപിക്കു നൽകിയ കത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. ചാറ്റുകളുടെ ചിത്രങ്ങളും കത്തിനൊപ്പമുണ്ട്.
വാരിസ് മൊഴിമാറ്റിയാലും വാട്സാപ്പിൽ നടത്തിയ സംഭാഷണങ്ങൾ കുരുക്കായേക്കാം. അന്വേഷണം സംബന്ധിച്ച് സർക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് ഡിജിപി റാവാഡ എ.ചന്ദ്രശേഖർ പറഞ്ഞു.
2024 ജൂലൈ 3, 23, 2025 ജൂലൈ 5 എന്നീ തീയതികളിൽ ഹവാല ഏജന്റായ സുബൈർ കരുവംപൊയിലിന് വാരിസ് വാട്സാപിൽ കറൻസിയുടെ ചിത്രം അയച്ചുകൊടുത്തതാണ് ഇ.ഡി കണ്ടെത്തിയത്. കറൻസിയുടെ സീരിയൽ നമ്പർ കാണുംവിധമുള്ള ചിത്രമാണ് അയച്ചത്.
ഹവാല വഴിയുള്ള പണം കൈമാറ്റത്തിന് ഉപയോഗിക്കുന്ന രീതിയാണിത്. ദുബായ് ദിർഹവും ഇന്ത്യൻ രൂപയും തമ്മിലുള്ള വിനിമയ നിരക്ക് സൂചിപ്പിച്ച് ഫോണിലെ കാൽക്കുലേറ്ററിൽ കണക്കുകൂട്ടിയതിന്റെ ചിത്രവും ചാറ്റിലുണ്ട്.
മൊഴിയിൽ പറഞ്ഞ അതേ ദിവസങ്ങളിൽ കറൻസി സീരിയൽ നമ്പറിന്റെ ചിത്രവും വിനിമയ നിരക്ക് സംബന്ധിച്ച കണക്കും അയച്ചത് ഹവാല ഇടപാടിന്റെ വ്യക്തമായ സൂചനയാണെന്നും മൊഴി ശരിവയ്ക്കുന്ന തെളിവാണിെന്നും ഇ.ഡി കത്തിൽ പറയുന്നു. ദുബായിലുള്ള ഫൈജാസിന് 2024 സെപ്റ്റംബറിൽ ഹവാലയായി അയച്ച 85 ലക്ഷം രൂപയ്ക്ക് പുറമേ ബാങ്ക് അക്കൗണ്ട് വഴി കൈമാറിയ മറ്റൊരു തുകയുടെ കണക്കും ടി.വീണയുടെ പക്കൽ നിന്നു പിടിച്ചെടുത്ത റെഡ് ബുക്കിലുണ്ടെന്ന് ഇ.ഡി പറഞ്ഞു.
ബുക്കിന്റെ രണ്ടാം പേജിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെ– “ടോട്ടൽ 1,46,600 ട്രാൻസ്ഫേർഡ് ടു മഷ്റഖ് (യുഎഇയിലെ ബാങ്ക്) അക്കൗണ്ട് ഓഫ് ഫൈജാസ്”. “16 അംഗ നമ്മൾ ബേപ്പൂർ കോർ ടീം”പി.എ.മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങൾക്ക് ഹവാല ഇടപാടുകാരുമായി ബന്ധമുണ്ടെന്ന അതീവ ഗുരുതര ആരോപണവും കത്തിൽ ഇ.ഡി ഉന്നയിക്കുന്നു.
ഇ.ഡി പറയുന്നത്– “16 അംഗങ്ങളുള്ള നമ്മൾ ബേപ്പൂർ കോർ ടീം എന്ന വാട്സാപ് ഗ്രൂപ്പിൽ മിനിസ്റ്റർ റിയാസ്, മിഥുൻ കിച്ചു റിയാസ് സെക്രട്ടറി, വിബിൻ മിനിസ്റ്റർ സെക്രട്ടറി എന്നീ പേരുകളിൽ നമ്പറുകൾ സേവ് ചെയ്തിട്ടുണ്ട്. വി.പി.ഫൈജാസ്, കെ.ഷൈജൽ എന്നിവരുടെ പേരുകളുമുണ്ട്.
ഹവാല ഇടപാടുകാരും മന്ത്രിയുടെ സ്റ്റാഫും ഒരേഗ്രൂപ്പിൽ അംഗങ്ങളായിരുന്നു. മന്ത്രിയുടെ ഓഫിസിനു പണമിടപാട് ശൃംഖലയുമായി ബന്ധമുണ്ടെന്ന സൂചനയാണിത്.
ഇക്കാര്യം അന്വേഷിക്കേണ്ടതാണ്”. ബേപ്പൂരിന്റെ വികസനത്തിനു വേണ്ടിയുള്ളതാണെന്ന് ഇന്നലെ റിയാസ് ചൂണ്ടിക്കാട്ടിയ ഗ്രൂപ്പിലാണ് ഹവാല ഇടപാടുകാരുടെ സാന്നിധാന്യമെന്ന് ഇ.ഡി പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

