ആറാം മാസത്തിലേക്ക് കടക്കുന്ന ഇറാൻ യുദ്ധത്തിൽ നിന്ന് പിന്മാറുന്നതിന്റെ ഭാഗമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടം തങ്ങളുടെ നയപരമായ ലക്ഷ്യങ്ങൾ വൻതോതിൽ വെട്ടിച്ചുരുക്കുന്നതായി റിപ്പോർട്ട്. ഇറാനിലെ ഭരണമാറ്റം, സമ്പൂർണ്ണ കീഴടങ്ങൽ, മിഡിൽ ഈസ്റ്റിലെ പ്രോക്സി ഗ്രൂപ്പുകൾക്കുള്ള പിന്തുണ അവസാനിപ്പിക്കൽ തുടങ്ങിയ പ്രാരംഭ കർശന ഉപാധികളിൽ നിന്നാണ് അമേരിക്ക ഇപ്പോൾ പിന്നോട്ട് പോയിരിക്കുന്നത്.
യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട
ഭരണകൂടത്തിന്റെ പുതിയ നിലപാടുകൾ വെളിപ്പെടുത്തിയതോടെയാണ് ഈ നയംമാറ്റം പുറത്തുവന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിനായി രണ്ട് പ്രധാന ലക്ഷ്യങ്ങളാണ് അദ്ദേഹം മുന്നോട്ടുവെച്ചത്.
ആഗോള ഊർജ്ജ വിപണിയിലെ സ്ഥിരത ഉറപ്പാക്കുക എന്നതാണ് ഇതിൽ പ്രധാനം. അമേരിക്കക്കാർക്ക് എണ്ണയും വാതകവും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിന് ഗൾഫ് രാജ്യങ്ങൾ ആഗോള വിപണിയിലേക്ക് ഇന്ധന വിതരണം തുടരുന്നുവെന്ന് ഉറപ്പാക്കലാണിത്.
ഇതിനെ ‘ഒന്നാം നമ്പർ ലക്ഷ്യം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രണ്ടാമതായി, ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കില്ലെന്ന് ഉറപ്പാക്കുക എന്നതും ലക്ഷ്യമിടുന്നു.
വൈസ് പ്രസിഡന്റിന്റെ ഈ പ്രസ്താവനകളെ ശരിവെച്ചുകൊണ്ട്, പ്രസിഡന്റിനെ സംബന്ധിച്ച് ഈ രണ്ട് കാര്യങ്ങളും ഒരുപോലെ പ്രധാനമാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യക്തമാക്കി. തുടക്കത്തിൽ യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തിൽ അമേരിക്കയിലെ ഇന്ധനവില വർദ്ധനവ് ഒരു പ്രശ്നമല്ലെന്നും ആണവ നിരായുധീകരണം മാത്രമാണ് ഏക ലക്ഷ്യമെന്നും ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.
എന്നാൽ, നിലവിൽ ഇന്ധനവില കുറയ്ക്കുന്നതിനെ ഏറ്റവും വലിയ മുൻഗണനയായി മാറ്റിയത്, യുദ്ധത്തിന് മുമ്പുള്ള പഴയ അവസ്ഥയിലേക്ക് മടങ്ങാൻ യു.എസ് തയ്യാറെടുക്കുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇറാൻ സമ്പുഷ്ടീകരിച്ച യുറേനിയം പൂർണ്ണമായി കൈമാറണമെന്ന മുൻ നിലപാടിൽ നിന്നും ട്രംപ് ഭരണകൂടം അയഞ്ഞിട്ടുണ്ട്.
ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും ആണവ വസ്തുക്കൾ തിരിച്ചെടുക്കാൻ കഴിയാത്തവിധം ഭൂമിക്കടിയിൽ മൂടപ്പെട്ടിരിക്കുകയാണെന്നുമുള്ള പ്രസ്താവനകളിലൂടെ കർശന ഉപാധികളില്ലാത്ത ഒരു ഒത്തുതീർപ്പിലേക്കാണ് യു.എസ് നീങ്ങുന്നത്. തുടക്കത്തിൽ മുന്നോട്ടുവെച്ച ബൃഹത്തായ ലക്ഷ്യങ്ങൾ ഉപേക്ഷിച്ച് കേവലം ഇന്ധനവില നിയന്ത്രണവും പഴയ സ്ഥിതി പുനഃസ്ഥാപിക്കലും പ്രധാന ലക്ഷ്യമായി മാറുമ്പോൾ, ആറ് മാസം നീണ്ട
യുദ്ധം കൊണ്ട് യു.എസ് നേടിയെടുത്തത് വളരെ തുച്ഛമായ നേട്ടങ്ങൾ മാത്രമാണെന്ന വിമർശനവും ശക്തമാകുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

