കൽപറ്റ ടൗൺഷിപ്പ് പദ്ധതിയുടെ ഭാഗമായുള്ള ആശുപത്രി, മാർക്കറ്റ്, പൊതുശുചിമുറി എന്നിവയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായി. കെട്ടിടങ്ങൾ നിർമിക്കേണ്ട
സ്ഥലത്തുള്ള മണ്ണെടുപ്പും പൈലിങ്ങിനു മുന്നോടിയായുള്ള പ്രാഥമിക നടപടികളുമാണ് ഇപ്പോൾ നടന്നുവരുന്നത്. ടൗൺഷിപ്പിലെ ബാക്കി നിൽക്കുന്ന വീടുകളുടെ നിർമാണം ഈ വർഷം ഒക്ടോബറിനു മുൻപായി പൂർത്തിയാക്കുമെന്ന് നിർമാണ ചുമതല വഹിക്കുന്ന ഊരാളുങ്കൽ ലേബർ സൊസൈറ്റി അധികൃതർ വ്യക്തമാക്കി.
നിലവിൽ ടൗൺഷിപ്പിലെ സോൺ 2, 3, 4, 5 എന്നിവിടങ്ങളിലാണു നിർമാണ ജോലികൾ അവശേഷിക്കുന്നത്. മഴ മാറിനിൽക്കുന്ന അനുകൂല സാഹചര്യം മുതലെടുത്ത് പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കിയിട്ടുണ്ട്.
ഇതിനായി 300 തൊഴിലാളികളെ അധികമായി നിയോഗിച്ചിട്ടുണ്ട്. നിലവിൽ 890 തൊഴിലാളികളാണ് നിർമാണ സൈറ്റിൽ ജോലി ചെയ്യുന്നത്.
അതേസമയം, ടൗൺഷിപ്പ് പരിസരത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് എത്രയും വേഗം നീക്കം ചെയ്യേണ്ടത് അനിവാര്യമാണെന്ന് വിദഗ്ധ സമിതി വിലയിരുത്തി. കെഎസ്ഇബി സബ് സ്റ്റേഷൻ, ടൗൺഷിപ്പ് നിർമാണം എന്നിവയുടെ ഭാഗമായി നീക്കം ചെയ്ത മണ്ണാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്.
ഇത് കൽപറ്റയിൽ പ്രളയഭീഷണിക്കും, മൺകൂനയ്ക്ക് താഴെ താമസിക്കുന്നവർക്ക് സുരക്ഷാ ഭീഷണിക്കും വഴിവെക്കുമെന്ന് സമിതി അംഗങ്ങളായ കോഴിക്കോട് എൻഐടി പ്രഫസർ ഡോ. സന്തോഷ് ജി.
തമ്പി, കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ശ്രീലേഷ് എന്നിവർ ചൂണ്ടിക്കാട്ടി. ഈ മണ്ണ് മാറ്റാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തണമെന്നും, ഇതുസംബന്ധിച്ച റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കുമെന്നും അവർ അറിയിച്ചു.
കള്ളാടി ദുരന്തമേഖല സന്ദർശിച്ച ശേഷമാണ് സമിതി അംഗങ്ങൾ കൽപറ്റയിലെ ടൗൺഷിപ്പിലെത്തിയത്. കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നിർമാണത്തിന് ഉപയോഗിക്കുമെന്നും, ബാക്കിവരുന്നവ ടാർപോളിൻ ഷീറ്റ് ഇട്ട് മൂടുമെന്നുമാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെയും കിഫ്കോണിന്റെയും നിലപാട്.
ടാർപോളിൻ കൊണ്ട് മൂടുന്ന മൺകൂനകൾ ഭീഷണിയാകില്ലെന്നും നിർമാണ കമ്പനി വാദിക്കുന്നുണ്ടെങ്കിലും, വിദഗ്ധ സമിതിയുടെ പ്രാഥമിക കണ്ടെത്തലുകൾ ഇതിന് കടകവിരുദ്ധമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

