ട്രോളിങ് നിരോധനത്തിന് ശേഷം ആദ്യമായാണ് ചെറുവത്തൂർ മടക്കര ഹാർബറിൽ നാടൻ വള്ളങ്ങളിൽ വൻതോതിൽ മത്തിയും ചെമ്മീനും എത്തിത്തുടങ്ങിയത്. രാവിലെ മുതൽ രാത്രി വൈകും വരെ നീണ്ടുനിന്ന തിരക്ക് മത്സ്യമേഖലയ്ക്ക് ആശ്വാസമായി.
ഏകദേശം 1000 ബോക്സ് മത്തിയാണ് ഇന്നലെ ഹാർബറിൽ നിന്ന് വിവിധ വിപണികളിലേക്ക് അയച്ചത്. മത്സ്യലഭ്യതയുടെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ച് വിലയിലും വലിയ മാറ്റങ്ങളാണ് ദൃശ്യമായത്.
രാവിലെ എത്തിയ വള്ളങ്ങളിലെ 50 കിലോ വീതമുള്ള ഒരു ബോക്സ് മത്തിക്ക് 8000 രൂപ വരെ വില ലഭിച്ചപ്പോൾ, വൈകുന്നേരമായതോടെ ഇത് 3500 രൂപയായി കുറഞ്ഞു. ഇതിനുപുറമെ, 400 ബോക്സ് ചെമ്മീൻ കിലോയ്ക്ക് 210 രൂപ നിരക്കിൽ കൊച്ചിയിലേക്ക് കയറ്റി അയച്ചു.
പുഞ്ചാവി, കാഞ്ഞങ്ങാട് തീരങ്ങളിൽ നിന്നാണ് നാടൻ വള്ളങ്ങൾക്ക് മത്തി ലഭിച്ചത്. പഴയങ്ങാടി, പുതിയങ്ങാടി ഭാഗങ്ങളിൽ മത്സ്യബന്ധനത്തിന് പോയവർക്ക് ചെമ്മീനും ലഭിച്ചു.
എന്നാൽ, ലഭിച്ച ഈ ആദായത്തെ ചാകരയായി കാണാൻ മത്സ്യത്തൊഴിലാളികൾ തയ്യാറല്ല. കടലിൽ ചാകര ഇതുവരെ രൂപപ്പെട്ടിട്ടില്ലെന്നും, കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളാണ് മത്സ്യലഭ്യതയിൽ നേരിയ വ്യത്യാസം വരുത്തിയതെന്നും തൊഴിലാളികൾ അഭിപ്രായപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

