സംസ്ഥാനത്തെ പൊലീസ് സ്റ്റേഷൻ ഭരണ സംവിധാനത്തിൽ ഇന്ന് മുതൽ നിർണായകവും സമഗ്രവുമായ മാറ്റങ്ങൾ നിലവിൽ വരുന്നു. പുതിയ തീരുമാനപ്രകാരം സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ ഭരണം ഇന്ന് മുതൽ എസ്ഐമാർ ഏറ്റെടുക്കും.
അതേസമയം, അതീവ പ്രാധാന്യമുള്ള 64 പൊലീസ് സ്റ്റേഷനുകളിൽ മാത്രമായിരിക്കും ഇൻസ്പെക്ടർമാർ എസ്എച്ച്ഒമാരായി തുടരുക. പൊലീസിനെ ജനകീയമാക്കുന്നതിന്റെ ഭാഗമായി ആവിഷ്കരിച്ച ‘എന്റെ പൊലീസ് സ്റ്റേഷൻ’ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് തലസ്ഥാനത്ത് നിർവഹിക്കും.
കേരള പൊലീസ് സംവിധാനത്തിൽ പൊലീസ് സ്റ്റേഷനുകളുടെ മുഖച്ഛായ മാറ്റുന്ന കർമ്മ പദ്ധതിക്ക് നേതൃത്വം നൽകുകയാണ് സർക്കാറെന്നും കേരള പൊലീസിനെ സംബന്ധിച്ച് ചരിത്രപരമായ തീരുമാനമാണിതെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ ആദ്യമായിട്ടായിരിക്കും പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള പൊലീസ് പരിഷ്കരണത്തിന് ഇത്തരത്തിൽ നേതൃത്വം കൊടുക്കുന്നതെന്നും ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട
സേവനങ്ങൾ നൽകുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു. കസ്റ്റഡി മർദ്ദനങ്ങളും അനധികൃത തടവുകളും പൂർണ്ണമായി ഒഴിവാക്കി ശാസ്ത്രീയമായ അന്വേഷണ രീതികൾ നടപ്പിലാക്കുന്നതിനാണ് സർക്കാരിന്റെ പ്രഥമ പരിഗണന.
ഇതിന്റെ ഭാഗമായി ഉയർന്ന ഉദ്യോഗസ്ഥരടക്കം പൊതുജനങ്ങളോട് മാന്യമായി പെരുമാറുന്നതിനുള്ള പ്രത്യേക പരിശീലനം നൽകും. കൂടാതെ, 20 വർഷം പിന്നിട്ട
ജനമൈത്രി സുരക്ഷാ പദ്ധതി കൂടുതൽ ആധുനികവൽക്കരിക്കാനും തീരുമാനമായിട്ടുണ്ട്. പൊതുജനങ്ങളിൽ നിന്ന് പ്രതിമാസ അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിനായി ഡി.ഐ.ജിമാരുടെ നേതൃത്വത്തിൽ സ്വതന്ത്ര സംവിധാനം നിലവിൽ വരും.
പരാതികളുടെ എണ്ണം, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യൽ എന്നിവ ഡി.ജി.പിയുടെ നേതൃത്വത്തിൽ ഡിജിറ്റലായി നിരീക്ഷിക്കുന്നതുൾപ്പെടെയുള്ള സുപ്രധാന മാറ്റങ്ങളാണ് പുതിയ പദ്ധതിയിലൂടെ നടപ്പാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

