അയോധ്യ, ബദരീനാഥ് ക്ഷേത്രങ്ങളിൽ നിന്നും ഉയർന്നു വന്ന സംഭാവനയുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ഹരിദ്വാറിലെ മാനസ ദേവി ക്ഷേത്രം സുരക്ഷാ നടപടികൾ കർശനമാക്കി.
ഇതിന്റെ ഭാഗമായി ക്ഷേത്രത്തിലെ പൂജാരിമാർക്കും മറ്റ് ജീവനക്കാർക്കും പുതിയ ഡ്രസ് കോഡ് ഏർപ്പെടുത്തിയിരിക്കുകയാണ്. ഇനി മുതൽ ഇവർ പോക്കറ്റുകളില്ലാത്ത കുർത്തകൾ മാത്രമേ ധരിക്കാവൂ എന്ന് മാനേജ്മെന്റ് നിർദ്ദേശം നൽകി.
ഇതുമായി ബന്ധപ്പെട്ട് മാനസ ദേവി ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ രവീന്ദ്ര പുരി പ്രതികരിച്ചത് ഇങ്ങനെയാണ്: “പൂജാരിമാരും ജീവനക്കാരും പോക്കറ്റില്ലാത്ത വസ്ത്രം ധരിക്കണമെന്ന നിബന്ധന പൂർണമായും പാലിക്കുന്നുണ്ടെന്ന് അറിയിച്ചു.” കഴിഞ്ഞ ബുധനാഴ്ച ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഇതിനായുള്ള പ്രത്യേക വസ്ത്രങ്ങൾ ജീവനക്കാർക്ക് വിതരണം ചെയ്തു കഴിഞ്ഞു. ക്ഷേത്രങ്ങളിൽ ഭക്തർ നൽകുന്ന സംഭാവനപ്പണം മോഷ്ടിക്കപ്പെടുന്നു എന്ന പരാതികൾ വ്യാപകമായതോടെയാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് ഭരണസമിതി എത്തിയത്.
വസ്ത്രത്തിൽ പോക്കറ്റുകൾ ഒഴിവാക്കുന്നതിലൂടെ കാണിക്കപ്പണം കൈക്കലാക്കാനുള്ള സാഹചര്യം ഇല്ലാതാക്കാൻ കഴിയുമെന്ന് അധികൃതർ കണക്കുകൂട്ടുന്നു. “ചില വ്യക്തികളുടെ പ്രവൃത്തികൾ മുഴുവൻ ക്ഷേത്ര ഭരണത്തെയും സനാതന പാരമ്പര്യത്തെയും സംശയത്തിന്റെ നിഴലിലാക്കുന്നു.
അതിനാൽ ഭക്തരുടെ വിശ്വാസം നിലനിർത്താനാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്” എന്ന് അദ്ദേഹം വ്യക്തമാക്കി. സുതാര്യത വർധിപ്പിക്കുന്നതിനായി ക്ഷേത്രപരിസരത്ത് 65 സിസിടിവി ക്യാമറകൾ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു.
കൂടാതെ, സംഭാവനകളുടെ വരവും ചെലവും കൃത്യമായി നിരീക്ഷിക്കുന്നതിനായി ഏഴ് പൂജാരിമാർ ഉൾപ്പെടുന്ന ഒരു പ്രത്യേക സമിതിക്കും രൂപം നൽകി. ഭക്തർ നൽകുന്ന ഓരോ രൂപയും ക്ഷേത്രത്തിന്റെ അക്കൗണ്ടിലേക്ക് തന്നെ എത്തുന്നുണ്ടെന്നും, അവർക്ക് കൃത്യമായ രസീതുകൾ നൽകുന്നുണ്ടെന്നും ഉറപ്പുവരുത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും ട്രസ്റ്റ് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

