തിരുവനന്തപുരം കന്യാകുളങ്ങരയിൽ സ്കൂൾ വിദ്യാർഥിനിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയെ വട്ടപ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. നെടുമങ്ങാട് പനവൂർ സ്വദേശിയായ സഹദ് ആണ് പിടിയിലായത്.
കൃത്യത്തിന് ശേഷം കണിയാപുരത്ത് കാർ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പൊലീസിന്റെ പിടിയിലാകുന്നത്. നെടുവേലി ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.
പെൺകുട്ടിയുടെ വീടിന് സമീപത്തുവെച്ചായിരുന്നു സംഭവം നടന്നത്. പാഠപുസ്തകം വാങ്ങാനായി വീട്ടിൽ നിന്നും പുറത്തിറങ്ങിയ വിദ്യാർഥിനിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് കുത്തേറ്റ നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്.
ആക്രമണത്തിൽ പെൺകുട്ടിയുടെ മുഖത്തും മുതുകിലും പരിക്കേറ്റിട്ടുണ്ട്. മുതുകിലെ മുറിവ് ആഴത്തിലുള്ളതാണെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പെൺകുട്ടി ചികിത്സയിൽ തുടരുകയാണ്. ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും വട്ടപ്പാറ പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

